എലത്തൂരിൽ നാലാം തവണയും എകെ ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയായി എൻസിപി നേതൃത്വം തീരുമാനിച്ചതോടെ എതിര്‍പ്പ് ശക്തമാക്കി ഒരു വിഭാഗം. എകെ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. എൻസിപിയിലെ മുക്കം മുഹമ്മദ് വിഭാഗം പ്രത്യേക കണ്‍വെൻഷനും വിളിച്ചു.
കോഴിക്കോട്: എലത്തൂരിൽ നാലാം തവണയും എകെ ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയായി എൻസിപി നേതൃത്വം തീരുമാനിച്ചതോടെ എതിര്‍പ്പ് ശക്തമാക്കി ഒരു വിഭാഗം. എകെ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. എൻസിപിയിലെ മുക്കം മുഹമ്മദ് വിഭാഗം പ്രത്യേക ജില്ല കണ്‍വെൻഷനും വിളിച്ചു. ഇതിനിടെ, എൻസിപിയിലെ തര്‍ക്കം തീര്‍ക്കാൻ സുപ്രിയ സുലെ നേതാക്കളുടെ ഓണ്‍ലൈൻ യോഗം വിളിച്ചു. എൻസിപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ് എകെ ശശീന്ദ്രനെ എലത്തൂരിൽ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് എകെ ശശീന്ദ്രൻ എലത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. ശശീന്ദ്രനെതിരെ നേരത്തെയും പാര്‍ട്ടിയിൽ എതിര്‍പ്പ് ശക്തമായിരുന്നു.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്‍റെ നേതൃത്വത്തിൽ എൻസിപി കോഴിക്കോട് ജില്ലാ കൺവെൻഷൻ അൽപസമയത്തിനകം നടക്കും. ശശീന്ദ്രനെതിരെ യോഗത്തിൽ പ്രതിഷേധം ഉയര്‍ത്താനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. കോഴിക്കോട് ടൗൺ ഹാളിലാണ് യോഗം. എന്നാൽ, എൻ സി പി കോഴിക്കോട് ജില്ലാ കൺവെൻഷൻ നിർത്തിവെക്കണം എന്ന് എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനോടാണ് യോഗം നടത്താത്തരുതെന്ന് ആവശ്യപെട്ടത്. എന്നാൽ, കൺവെൻഷൻ മാറ്റിവെക്കില്ലെന്ന് മുക്കം മുഹമ്മദ് മറുപടി നൽകി. ജില്ലാ കമ്മിറ്റിയുടെ നിലപാട് പാർട്ടി പ്രവർത്തകരെ അറിയിക്കാൻ ആണ് കൺവെൻഷനെന്നാണ് മുക്കം മുഹമ്മദ് വ്യക്തമാക്കുന്നത്.
എലത്തൂരിൽ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന് എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മികള്‍ പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍, അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമായിരുന്നു തര്‍ക്കങ്ങളിൽ എകെ ശശീന്ദ്രൻ പ്രതികരിച്ചത്.കഴിഞ്ഞ ദിവസം എൻസിപി യോഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയിരുന്നു. ഏകപക്ഷീയമായി ചർച്ച നടക്കുന്നുവെന്നും തന്‍റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനാണ് നീക്കമെന്നും ആരോപിച്ചായിരുന്നു ശശീന്ദ്രന്‍റെ ഇറങ്ങിപ്പോക്ക്.



