Latest Videos

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; എംപിമാരായി ജയിച്ച നാല് എംഎൽഎമാരും സഭയിലെത്തും

By Web TeamFirst Published May 27, 2019, 6:15 AM IST
Highlights

ആദ്യ ദിനം കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. മാണിയുടെ അഭാവത്തിൽ മുൻനിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നൽകുമെന്ന് സ്പീക്ക‌റുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. കേരളാ കോൺഗ്രസിൽ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തർക്കം നിലനിൽക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. മാണിയുടെ അഭാവത്തിൽ മുൻനിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നൽകണമെന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. 

കത്ത് തള്ളിക്കൊണ്ട് പാ‌‌‌‌ർട്ടി വിപ്പെന്ന നിലയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്ക‌‌‌ർക്ക് കത്ത് നൽകിയിരുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കർക്ക് ബദൽ കത്ത് നൽകിയത്. എന്നാൽ നിലവിലെ ഉപനേതാവ് എന്ന നിലയിൽ മുൻ നിരയിലെ സീറ്റ് ജോസഫിന് നൽകുമെന്ന് സ്പീക്ക‌റുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

കെ മുരളീധരൻ, അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ എന്നീ നാലു എംഎൽഎമാർ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇവർക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിൽ നാലുപേരും സഭയിലെത്തുന്നുണ്ട്. 

എംഎൽഎമാരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തെ തകർപ്പൻ വിജയത്തിന്‍റെ കരുത്തിലാകും പ്രതിപക്ഷനീക്കങ്ങൾ. മൂന്നാം വർഷത്തിലേക്ക് കടന്ന സർക്കാർ കനത്ത തോൽവിയിൽ പ്രതിരോധത്തിലാണ്. പ്രതിപക്ഷ വിമർശനങ്ങൾ മുഴുവൻ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും.

സഭയിൽ എൻഡിഎ സംഖ്യ രണ്ടായെങ്കിലും ദേശീയ തലത്തിലെ വൻമുന്നേറ്റം പറഞ്ഞ്  മാത്രം രാജഗോപാലിനും പി സി ജോർജ്ജിനും പിടിച്ചുനിൽക്കാനാകില്ല. 

click me!