സത്യത്തില്‍ ആരൊക്കെ തമ്മിലാണ് 'ഡീല്‍'? സിപിഎമ്മും ബിജെപിയും എന്തുകൊണ്ട് കൂടുതല്‍ സംശയനിഴലിലാവുന്നു?

Published : Mar 23, 2026, 05:54 PM ISTUpdated : Mar 23, 2026, 06:32 PM IST
CPM-BJP-Congress

Synopsis

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി 'ഡീല്‍' ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. പാലക്കാട് അടക്കം പത്തോളം മണ്ഡലങ്ങളില്‍ ഒത്തുകളിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിക്കുമ്പോള്‍, സിപിഎമ്മും ബിജെപിയും ആരോപണങ്ങള്‍ ഒരുപോലെ നിഷേധിക്കുന്നു.

'ചില മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല'. കേരളത്തില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ 'ഡീല്‍' ആരോപണം കടുക്കുകയാണ്. ആദ്യം കേട്ടത് പാലക്കാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണെങ്കില്‍ ഇപ്പോള്‍ മഞ്ചേശ്വരം, കോന്നി, റാന്നി എന്നിവയടക്കം കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം ഉയര്‍ത്തിവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് ഇപ്പോള്‍ എതിരാളികള്‍ക്കെതിരെ ഡീല്‍ ആരോപണം കടുപ്പിച്ചത്. എന്നാല്‍ എല്ലാ ഡീല്‍ ആരോപണങ്ങളും ഒരേ ശബ്‌ദത്തില്‍ നിഷേധിക്കുകയാണ് സിപിഎമ്മും ബിജെപിയും. എന്തുകൊണ്ടാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡീല്‍ ആരോപണം ഇത്ര ശക്തമാകാനും സിപിഎമ്മും ബിജെപിയും കൂടുതല്‍ സംശയനിഴലിലാവാനും കാരണം? 

കേരളത്തില്‍ ഇതാദ്യമല്ല ഒരു തെരഞ്ഞെടുപ്പില്‍ ഡീല്‍ ആരോപണം ഉയരുന്നത്. 1991-ലെ കുപ്രസിദ്ധമായ 'കോലീബി സഖ്യം' മലയാളികള്‍ മറക്കാനിടയില്ല. പ്രചാരണത്തിനിടയിലെ ആരോപണ- പ്രത്യാരോപണങ്ങള്‍ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പതിവുകള്‍ പോലെയല്ല. ഡീല്‍ ആരോപണം മുമ്പത്തേക്കാള്‍ ശക്തമായി ഉയരുകയാണ്. സിപിഎം ബിജെപിയുടെ ബി ടീമാണെന്നുള്ള രാഹുൽ ഗാന്ധിയുടെ വിമര്‍ശനമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തിന് ആദ്യ മരുന്നിട്ടത്. 'കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി'- എന്നും രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് തിരുവനന്തപുരത്ത് ആരോപിച്ചത് മാര്‍ച്ച് ആദ്യമാണ്. 'പിണറായി വിജയന് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല? തന്നെ ഇഡി ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തിൽ സിജെപിയാണുള്ളത്. സിപിഎം-ബിജെപി കൂട്ടുകെട്ടാണത്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്?'- എന്നും പ്രസംഗത്തില്‍ രാഹുല്‍ ചോദിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ആരോപണം തെരഞ്ഞെടുപ്പ് ഗോദയില്‍ ഉയര്‍ന്നു. പാലക്കാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീല്‍ നിലനില്‍ക്കുന്നതായുള്ള കോണ്‍ഗ്രസ് ആരോപണം ആയിരുന്നു അത്.

പാലക്കാട് ബിജെപി-സിപിഎം ഡീലോ?

പാലക്കാട് നിയോജക മണ്ഡലത്തില്‍ സിപിഎമ്മും എല്‍ഡിഎഫും, സ്വതന്ത്രനും ഹോട്ടല്‍ വ്യവസായിയുമായ എന്‍എംആര്‍ റസാഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ വിവാദമായിരുന്നു. സിപിഎമ്മിന് അതിശക്തമായ വേരുകളുള്ള പാലക്കാട് ഒരു വ്യവസായിയെ മാത്രമേ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് കിട്ടിയുള്ളോ?- എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്‍എംആര്‍ റസാഖിന്‍റേത് പേയ്മെന്‍റ് സീറ്റാണോ എന്ന ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നു. സിപിഎം സ്വതന്ത്രന്‍മാരുടെ കാര്യത്തില്‍ പേയ്‌മെന്‍റ് ആരോപണം മറ്റിടങ്ങളിലുമുണ്ട്. കേരളത്തില്‍ ബിജെപിയുടെ ഏറ്റവും കരുത്തയായ വനിതാ നേതാവായ ശോഭ സുരേന്ദ്രനാണ് പാലക്കാട് നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് കൂട്ടിയ ചരിത്രമുള്ളയാളാണ് ശോഭ. പാലക്കാട് നിയോജക മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന് ജയ സാധ്യതയുമുണ്ട്. ശോഭയ്ക്ക് പാട്ടുംപാടി ജയിക്കാനുള്ള വാതില്‍ തുറന്നിടാനാണ് സിപിഎം റസാഖിനെ സ്ഥാനാര്‍ഥിയാക്കിയത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മണ്ഡലത്തിലെ മുസ്ലീം വോട്ടുകള്‍ വിഘടിപ്പിക്കാന്‍ കൂടിയാണ് റസാഖിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതെന്ന വാദവും ശക്തം. 

എന്നാല്‍, ഇതിനെല്ലാം സിപിഎമ്മും എന്‍എംആര്‍ റസാഖും അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഡീല്‍ ആരോപണങ്ങള്‍ അതിശക്തമായി നിഷേധിച്ചു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. പാലക്കാട് നിയോജക മണ്ഡലത്തില്‍ ചലച്ചിത്ര താരം രമേശ് പിഷാരടിയെ മത്സരിപ്പിക്കുന്ന കോണ്‍ഗ്രസിനല്ലേ ബിജെപിയുമായി ഡീല്‍ എന്ന് ചോദിക്കുന്നു സിപിഎമ്മും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖും. രമേഷ് പിഷാരടി വളരെ ദുര്‍ബലമായ സ്ഥാനാര്‍ഥിയാണ് എന്നാണ് ഈ വാദം. മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെങ്കില്‍ ഒരു മുസ്ലീം നാമധാരിയെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയാക്കാമായിരുന്നില്ലേ എന്ന് പരസ്യമായി ചോദിച്ച് കടുപ്പിച്ചു എന്‍എംആര്‍ റസാഖ്. രമേശ് പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയതിനെ പരിഹസിച്ചുള്ള തോമസ് ഐസക്കിന്‍റെ പ്രതികരണം ഇതിനിടെ വിവാദമാവുകയും ചെയ്‌തു. 'കോമാളി' എന്ന് രമേശിനെ വിശേഷിപ്പിച്ചതിന് മാപ്പ് പറഞ്ഞ് തടിയൂരി ഒടുവില്‍ ഐസക്ക്.

ഡീല്‍ ആരോപണം കത്തിപ്പടര്‍ന്നിരിക്കുന്ന മറ്റൊരു മണ്ഡലം ചെങ്ങന്നൂരാണ്. രണ്ട് ജില്ലകളിലെങ്കിലും ഡീല്‍ ആരോപണങ്ങളില്‍ പാലക്കാടും ചെങ്ങന്നൂരും തമ്മിലൊരു ബന്ധമുണ്ട്. മന്ത്രി സജി ചെറിയാനാണ് ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി. മണ്ഡലത്തിന് പരിചയമുഖമെങ്കിലും മന്ത്രിക്കസേരയില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട് സജി ചെറിയാന്‍. പാലക്കാട് ശോഭ സുരേന്ദ്രനെ വിജയിപ്പിച്ചാല്‍ ചെങ്ങന്നൂരില്‍ സജി ചെറിയാനെ രക്ഷിക്കാം എന്നാണ് ആ ഡീല്‍ എന്ന് ആരോപിക്കുന്നു കോണ്‍ഗ്രസ് നേതൃത്വം. ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എബി കുര്യാക്കോസും അത്ര പ്രമുഖനല്ല എന്നത് മറ്റൊരു കാര്യം. ബിജെപി സ്ഥാനാര്‍ഥി എന്‍ വി ഗോപകുമാറാണെങ്കില്‍ 2021-ലും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയയാളാണ്.

10 മണ്ഡലങ്ങളില്‍ ഈ ഡീല്‍ എന്ന് വി ഡി സതീശന്‍

ഡീല്‍ ആരോപണങ്ങളില്‍ ഒരുപടിയും കൂടി കടന്ന് അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്‍റെ ആദ്യ സൂചന വി ഡി സതീശന്‍ ഇന്നലെ നല്‍കിയിരുന്നു. മഞ്ചേശ്വരം, കോന്നി, റാന്നി എന്നിവയടക്കം പത്തോളം നിയോജക മണ്ഡലത്തില്‍ ബിജെപി-സിപിഎം ഡീല്‍ നിലനില്‍ക്കുന്നതായാണ് സതീശന്‍റെ ആരോപണം. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977-ല്‍ ആര്‍എസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വിഡി സതീശന്‍ തുറന്നടിച്ചു. 'പത്തനംതിട്ടയിലെ കോന്നിയില്‍ 2021-ല്‍ 32,000 വോട്ട് ലഭിച്ചയാളാണ് കെ സുരേന്ദ്രന്‍. എന്നാല്‍ ഇത്തവണ ബിജെപി കോന്നി സീറ്റ് ബിഡിജെഎസിന് കൊടുത്തു. അതേസമയം, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായ റാന്നി ബിജെപി ട്വന്‍റി 20ക്ക് വിട്ടുകൊടുത്തു. ശബരിമല വിഷയമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഇപ്പോള്‍ പറയുന്ന‌തെന്നും'- വി ഡി സതീശന്‍ ആരോപിക്കുന്നു. കഴിഞ്ഞവട്ടം തലനാരിഴയ്‌ക്ക് കെ സുരേന്ദ്രന്‍ ജയിക്കാതെ പോയ മണ്ഡലമാണ് മഞ്ചേശ്വരം എന്നതിനാല്‍ ഇത്തവണ അവിടെ അവകാശപ്പോരാട്ടങ്ങള്‍ കടുക്കും. 

ഡീല്‍ ആരോപണം ഒരുപോലെ തള്ളി സിപിഎമ്മും ബിജെപിയും

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് സിപിഎമ്മും ബിജെപിയും. അതിശക്തമായ ഭാഷയിലാണ് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ മറുപടി. സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് അടക്കം 10 മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന്, 'കോലീബീ സഖ്യം' അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016-ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും പിണറായി വിജയൻ ഇന്ന് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. നേമത്ത് അന്ന് കോണ്‍ഗ്രസ് വോട്ടിന് ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നു പിണറായി. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് ദില്ലിയിലെ കോണ്‍ഗ്രസുകാരെന്നും ബിജെപിയുടെ ബി ടീമായി ദില്ലിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇപ്പോഴത്തെ ഡീൽ ആരാപണവും ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറും ഈ തെരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണമെല്ലാം തള്ളി. ഒരു സമുദായത്തിന്‍റെ വോട്ടിന് വേണ്ടിയാണ് സിപിഎമ്മും കോൺഗ്രസും ഈ നാടകം കളിക്കുന്നതെന്നാണ് രാജീവിന്‍റെ പ്രധാന വിമര്‍ശനം. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ ആഞ്ഞടിച്ചു. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? തമിഴ്‌നാട്ടിൽ ആരൊക്കെയാണ് ഒരുമിച്ച് മത്സരിക്കുന്നത് എന്നൊക്കെ ഓര്‍മ്മിപ്പിച്ചാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

എന്തുകൊണ്ട് ഡീല്‍ ആരോപണം?

ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡീല്‍ ആരോപണം കടുക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട് എന്നതാണ് വസ്‌തുത. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്നൊരു തെരഞ്ഞെടുപ്പാണിത്. മാത്രമല്ല, വോട്ട് വിഹിതം വര്‍ധിപ്പിക്കാനും സീറ്റുകള്‍ പിടിക്കാനും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. ഹാട്രിക് ഭരണമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ ഇനിയൊരു പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ഏത് വിധേനയും പ്രചാരണം കൊഴിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മൂന്ന് മുന്നണികളുടെയും ഭാഗത്ത് നിന്നുണ്ട്. 

അതിനിടെയാണ്, ഡീല്‍ ആരോപണങ്ങള്‍ ബലപ്പെടുന്ന തരത്തില്‍ സിപിഎം പല മണ്ഡലങ്ങളിലും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ വിന്യസിച്ചത്. ഇത് വലിയ സംശയങ്ങള്‍ സൃഷ്‌ടിക്കുന്നതാണെന്ന് പറയുന്നു ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ അസോസിയേറ്റ് എ‍ഡിറ്ററും കോഴിക്കോട് റീജിയണല്‍ ചീഫുമായ ഷാജഹാന്‍ കാളിയത്ത്. എന്‍എംആര്‍ റസാഖ് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പാലക്കാട് നിയോജന മണ്ഡലമാണ് ഈ ന്യൂനത പ്രകടമായ ഒരിടമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി കെ ആര്‍ ജയാനന്ദ ദുര്‍ബലനായ സ്ഥാനാര്‍ഥിയാണ് എന്ന ആരോപണവും ശക്തമാണ്. നേമവും വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും മാറ്റിനിര്‍ത്തിയാല്‍, ബിജെപി വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന പല മണ്ഡലങ്ങളിലും സിപിഎം മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ ‘ലോ പ്രൊഫൈല്‍' ആണ് ബിജെപി-സിപിഎം ഡീല്‍ എന്ന ആരോപണം കൊഴുപ്പിക്കുന്നത് എന്ന് മനസിലാക്കാം. ഇവിടങ്ങളില്‍ ഇവരേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുക സിപിഎമ്മിന് പ്രയാസമുള്ള കാര്യമല്ലെന്നതും സംശയം ബലപ്പെടുത്തുന്നു. ബിജെപി പല മണ്ഡലങ്ങളിലും പോരാട്ടം അപ്രസക്തമാക്കുന്ന വിധത്തില്‍ ട്വന്‍റി20ക്ക് ഇത്തവണ സീറ്റുകള്‍ നല്‍കിയതും, അവിടങ്ങളില്‍ ട്വന്‍റി20 അതീവ ദുര്‍ബലരെ മത്സരിപ്പിക്കുന്നതും 'ഡീല്‍' സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ട്വന്‍റി20 കാര്യമായ തയ്യാറെടുപ്പുകളില്ലാതെയാണ് പലയിടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എന്ന വിലയിരുത്തലും ശക്തം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരെ വരെ സ്ഥാനാര്‍ഥിയാക്കി ട്വന്‍റി 20 പ്രഖ്യാപിക്കുന്നതും കേരളം കണ്ടു.  

മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്ന ചോദ്യം കേരളത്തില്‍ കുറച്ച് വര്‍ഷങ്ങളായി എയറിലുള്ളതാണ്. കേന്ദ്ര ഏജന്‍സികള്‍ നോട്ടമിടാത്ത ഇന്ത്യയിലെ ഏക പ്രതിപക്ഷ മുഖ്യമന്ത്രിയാണ് പിണറായിയെന്ന ആരോപണം ഏറെക്കാലമായി ശക്തം. അതിനാല്‍തന്നെ, ബിജെപി-സിപിഎം ഡീല്‍ എന്ന ആരോപണം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കത്തിപ്പടരുകയാണ്. അത് അതിന്‍റെ മൂർദ്ധന്യാവസ്ഥയില്‍ എത്തിയത് ഈ തെരഞ്ഞെടുപ്പിലാണെന്ന് മാത്രം. തെരഞ്ഞെടുപ്പ് ഫലം വന്നാലും ഡീല്‍ ആരോപണങ്ങള്‍ അവസാനിക്കില്ല എന്ന് വ്യക്തമാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈഫ് മിഷൻ മുതൽ വീണ വിജയൻ വരെ; എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് വേ​ഗത കുറയുന്നു, ചോദ്യങ്ങളുയർത്തി പ്രതിപക്ഷം
ഈ ത്യാഗത്തിന് പ്രതിഫലം കിട്ടും'; വിമതനീക്കം ഉപേക്ഷിച്ചെത്തിയ സഞ്ജയ് ഖാനെ ചേര്‍ത്തുനിര്‍ത്തി കെ സി വേണുഗോപാല്‍