ഇടതുകോട്ട ഇളക്കാൻ യുഡിഎഫ്, വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ്; പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണ എങ്ങോട്ട്?

Published : Apr 06, 2026, 04:51 PM ISTUpdated : Apr 06, 2026, 07:07 PM IST
Chadayamangalam

Synopsis

സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രമുഖ നേതാവ് പാർട്ടി വിട്ടതും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷക്കുറവും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കോട്ട നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം.

കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഐക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ ചടയമംഗലം. പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞു നിൽക്കുന്ന ഈ മണ്ഡലം ഇപ്പോൾ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം വാശിയേറിയ ഒരു പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ചടയമംഗലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ഡോ. ആർ. ലതാദേവിയുടെ കാലഘട്ടം. 1996-ൽ 2,746 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അവർ, മണ്ഡലത്തിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ മുഖമായിരുന്നു. എന്നാൽ 2001ൽ കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനോട് 1,557 വോട്ടുകൾക്ക് അവർ പരാജയപ്പെട്ടു. സംസ്ഥാനത്തുടനീളം വീശിയടിച്ച യു.ഡി.എഫ് തരംഗവും മണ്ഡലത്തിലെ ചെറിയ വോട്ട് വ്യത്യാസവുമാണ് അന്ന് ആ തിരിച്ചടിക്ക് കാരണമായത്. പിന്നീട് മുല്ലക്കര രത്നാകരനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സി.പി.ഐ, തുടർച്ചയായ മൂന്ന് തവണ വലിയ ഭൂരിപക്ഷത്തോടെ വിജയം നിലനിർത്തി. 2016-ൽ 23,624 വോട്ടുകൾ വരെ ഉയർന്ന മുല്ലക്കരയുടെ ഭൂരിപക്ഷം പക്ഷേ, 2021-ൽ ജെ. ചിഞ്ചു റാണി എത്തിയപ്പോൾ 13,678 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷക്കുറവാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ.

2026-ലെ രാഷ്ട്രീയ സമവാക്യങ്ങൾ

നിലവിലെ മന്ത്രി കൂടിയായ ജെ. ചിഞ്ചു റാണിയും യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം നസീറും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻപ് എം.എം ഹസ്സനെപ്പോലെയുള്ള കരുത്തരായ നേതാക്കളെ പരാജയപ്പെടുത്തിയ ചരിത്രമുണ്ടെങ്കിലും, ഇത്തവണ എൽ.ഡി.എഫിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം നേതാക്കളും പ്രവർത്തകരും സിപിഐ വിട്ടത് ചടയമംഗലം നിയോജക മണ്ഡലത്തിലാണ്. കൂടുതൽ പേരും സിപിഐഎമ്മിലേക്കാണ് പോയതെങ്കിലും സിപിഐക്ക് അനുകൂല നിലപാട് പാർട്ടി വിട്ടവർ എടുക്കും എന്ന് വിശ്വസിക്കാൻ തരമില്ല. സി.പി.ഐയിലെ പ്രധാന നേതാവും പല തവണ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ചിട്ടും അവസാനം ഒഴിവാക്കുകയും ചെയ്ത പ്രധാന നേതാവായ മുസ്തഫയുടെ വിടവാങ്ങലും യു.ഡി.എഫിൽ ചേര്‍ന്നതും ചർച്ചയാകുന്നുണ്ട്.

സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായിരുന്ന മുസ്തഫ പാർട്ടി വിട്ട് യു.ഡി.എഫിനൊപ്പം ചേർന്നത് മണ്ഡലത്തിൽ വലിയ ചർച്ചയാണ്. ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും സ്വാധീനമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം എം.എം. നസീറിന് വലിയ കരുത്ത് പകരുന്നു. സി.പി.ഐയിലെ ആഭ്യന്തര കലഹം മണ്ഡലത്തിലെ പാർട്ടി ഘടകങ്ങൾക്കിടയിലുള്ള പൊരുത്തക്കേടുകൾ ഒരു 'നിശ്ശബ്ദ ഭീഷണി'യായി നിലനിൽക്കുന്നു. ലതാദേവിയുടെ തോൽവിക്ക് സമാനമായ സാഹചര്യം അണികൾക്കിടയിലുണ്ടായാൽ അത് ചിഞ്ചു റാണിയുടെ വിജയസാധ്യതയെ ബാധിച്ചേക്കാം.

പത്ത് വർഷത്തെ തുടർച്ചയായ എൽ.ഡി.എഫ് ഭരണത്തിനെതിരായ വികാരം വോട്ടായി മാറിയാൽ അത് യു.ഡി.എഫിന് അനുകൂലമാകും. എന്നാൽ, മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. നസീർ തുടർച്ചയായി മത്സരിക്കുന്നത് ചടയമംഗലത്തെ മറ്റ് നേതക്കന്മാരിൽ അതൃപ്തിയുണ്ട്. നസീർ വിജയിച്ചാൽ മണ്ഡലം മറ്റുള്ളവർക്ക് മത്സരിക്കാൻ കിട്ടില്ല എന്ന ചിന്തയും നസീറിനെ തളക്കാൻ പാളയത്തിൽ തന്നെ കരുനീക്കുന്നു. 2021ൽ ചടയമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് ഭരണം ഉണ്ടായിരുന്നത്. എന്നാൽ, 2026 ആയപ്പോൾ യുഡിഎഫിന് ഭരണം ആറ് പഞ്ചായത്തുകളിൽ ലഭിച്ചു. ഏഴ് പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്ന എൽ‍ഡിഎഫിന് മൂന്ന് പഞ്ചായത്തുകളുടെ ഭരണമേ ലഭിച്ചുളളൂ. ബിജെപിയും എസ്ഡിപിഐയും മത്സര രംഗത്തുളള പഞ്ചായത്തിൽ ഇവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല.

ചടയമംഗലം ഇത്തവണ ആരെ തുണയ്ക്കും എന്നത് പ്രവചനാതീതമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സംഘടനാ സംവിധാനവും ചിഞ്ചു റാണിയുടെ ഭരണനേട്ടങ്ങളും ഒരു വശത്ത് നിൽക്കുമ്പോൾ, മുസ്തഫയുടെ മാറ്റവും എം.എം. നസീറിന്റെ ചിട്ടയായ പ്രവർത്തനവും ഉയർത്തുന്ന വെല്ലുവിളി മറുവശത്തുണ്ട്. 2001-ൽ ലതാദേവിക്ക് സംഭവിച്ചതു പോലെയൊരു അട്ടിമറി ഉണ്ടാകുമോ അതോ ഇടതുകോട്ട സുരക്ഷിതമായിരിക്കുമോ? കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് തരംഗം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്നത് വരുന്ന മെയ് 4ലെ ഫലം തെളിയിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പേരാമ്പ്രയിലെ ജീപ്പ് അനൗണ്‍സ്മെന്‍റ് വിവാദം; മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താൻ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍
വാക്ക് പാലിക്കേണ്ടിവരും, ഭരണം കിട്ടിയില്ലെങ്കിൽ സതീശന് 'രാഷ്ട്രീയ വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ; 'ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ചെന്നിത്തല'