'എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന പേരില്‍ സീറ്റ് നിഷേധിക്കുന്നത് ശരിയാണോ'; പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ന്യായീകരിച്ച് മുഖ്യമന്ത്രി

Published : Mar 20, 2026, 12:23 PM IST
PK Syamala and Pinarayi Vijayan

Synopsis

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തില്‍ പി കെ ശ്യാമളയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം വി ഗോവിന്ദന്‍റെ ഭാര്യയായതുകൊണ്ടല്ല, സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശ്യാമള സ്ഥാനാര്‍ഥിയായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന പേരില്‍ സീറ്റ് നിഷേധിക്കുന്നത് ശരിയാണോ എന്നാണ് പി കെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം. പി കെ ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും ശ്യാമളയ്‌ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പി കെ ശ്യാമള ടീച്ചറെ നിശ്ചയിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ പരസ്യമായി രംഗത്തെത്തിയിരുന്നു. 

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി

'ഒരു പെട്ടെന്നുള്ള ഉയര്‍ച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എം വി ഗോവിന്ദന്‍ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകയായിരുന്നു. വിവിധ പാര്‍ട്ടി കമ്മിറ്റികളിലൂടെ വളര്‍ന്നുവന്നയാളാണ് ശ്യാമള ടീച്ചര്‍. നല്ല നിലയില്‍ തദ്ദേശ ഭരണ രംഗത്തും പി കെ ശ്യാമള പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രദേശത്ത് തന്നെയുള്ളയാണ് ശ്യാമള ടീച്ചര്‍. ആ പ്രദേശവുമായി ബന്ധപ്പെട്ടു തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒരു വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് പി കെ ശ്യാമളയുടേത്. പി കെ ശ്യാമളയെ തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു ഔചിത്യക്കുറവും ഇല്ല. എം വി ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യ എന്ന നിലയ്‌ക്കല്ല, പി കെ ശ്യാമള എന്ന നിലയ്‌ക്ക് തന്നെ ഒരു വ്യക്തിത്വം അവര്‍ക്കുണ്ട്. അതിന്‍റെ ഭാഗമായാണ് പി കെ ശ്യാമള സ്ഥാനാര്‍ഥിയായത്. ആരുടെയെങ്കിലും ഭാര്യ എന്നുപറഞ്ഞ് ഒരു സ്‌ത്രീക്ക് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നത് ശരിയല്ല'- എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

തളിപ്പറമ്പില്‍ രൂക്ഷമായ പാര്‍ട്ടി പോര്

തളിപ്പറമ്പില്‍ പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന നിലയിലാണെന്ന നിലയിലായിരുന്നു ടി കെ ഗോവിന്ദന്‍റെ വിമര്‍ശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നായിരുന്നു ടി കെ ഗോവിന്ദന്‍റെ വാക്കുകള്‍. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ ടി കെ ഗോവിന്ദൻ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെ ചോദ്യം ചെയ്‌ത് സമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം അണികളില്‍ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്‌തിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജി സുധാകരനെ മൂന്നു തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല'; അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു; 'എന്‍റെ വാക്ക് ഞാൻ പാലിച്ചു' എന്ന് പ്രതികരണം, സുധാകരൻ നാളെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും