
ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച അവസാനിച്ചു. വെളുപ്പിന് 2.15 വരെ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ അന്തിമ ധാരണയായില്ല. കെ സുധാകരൻ ഉടക്കിയതോടെ എംപിമാർ മത്സരിക്കുന്ന കാര്യത്തിലും ധാരണായില്ല. താനല്ല സ്ഥാനാർത്ഥികളെക്കുറിച്ച് പറയേണ്ടതെന്നായിരുന്നു ചർച്ച കഴിഞ്ഞ് പുറത്തേക്ക് വന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഞാൻ അല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാം കെ പി സി സി പ്രസിഡന്‍റ് വിശദീകരിക്കും. നാലഞ്ച് സീറ്റുകളിൽ ധാരണയായില്ല. കേരളം മാത്രമല്ല അസം, പുതുച്ചേരി അടക്കം എല്ലായിടങ്ങളിലും ചർച്ചയുണ്ടായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ചർച്ച പൂർത്തിയാക്കി കെപിസിസി അധ്യക്ഷൻ നാട്ടിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശനും പുലർച്ചെ നാല് മണിയോടെ കേരളത്തിലേക്ക് മടങ്ങും.
കണ്ണൂരിൽ കെ സുധാകരൻ എംപിയെ മത്സരിപ്പിക്കാനുള്ള നീക്കം മല്ലികാർജുൻ ഖർഗെ യോഗത്തിൽ ചോദ്യം ചെയ്തു. നേതാക്കൾ സുധാകരന്‍റെ സമ്മർദ്ദം വിശദീകരിച്ചെങ്കിലും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നതിൽ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഖർഗെ. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നല്ല വാർത്തകൾ വരുമെന്നായിരുന്നു കേരളത്തിലെ നിരീക്ഷകനും, കർണ്ണാടക മന്ത്രിയുമായ കെ. ജെ ജോർജ് പ്രതികരിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എറണാകുളം ജില്ലയിലെ സീറ്റുകളെ ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ അനുയായികൾക്കായി വാദിച്ചു. യോഗത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും കടുത്ത നിലപാട് തുടർന്നു. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി.ഡി സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam