
കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പുകളിലും കേരളത്തിന്‍റെ രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമാണ് കണ്ണൂര്‍. ജില്ലയിൽ ആകെ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതിൽ നാല് മണ്ഡലങ്ങളിൽ ഇപ്പോള്‍ തന്നെ വിജയിയെ പ്രവചിക്കാനാവുന്ന മത്സരമേയുള്ളൂ. അതിലൊന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധർമ്മടം മണ്ഡലമാണ്. രണ്ടാമത്തേത്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കുന്ന മട്ടന്നൂര്‍. മൂന്നാമത്തേത്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വിജിന്‍ മത്സരിക്കുന്ന കല്യാശ്ശേരി. നാലാമത്തേത്, കാരായി രാജന്‍ മത്സരിക്കുന്ന തലശ്ശേരി നിയോജക മണ്ഡലവും. ഈ നാല് മണ്ഡലങ്ങളിലും എൽഡിഎഫിന് അനായാസം വിജയിക്കാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനാര്‍ഥികളെല്ലാം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുറപ്പിക്കാം. എന്നാല്‍, കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥിതി വ്യത്യസ്‌തമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ജനവിധി തേടുന്ന ധര്‍മ്മടം നിയോജക മണ്ഡലമാണ് കണ്ണൂര്‍ ജില്ലയിലെ ഇടത് കോട്ടകളിലൊന്ന്. പക്ഷേ, ധർമ്മടം മണ്ഡലത്തില്‍ ഇത്തവണത്തെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ പ്രചാരണം യുഡിഎഫിന്‍റെ ഭാഗത്തുനിന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കൂടാനുള്ള സാധ്യതയില്ലെന്ന് മാത്രമല്ല, അത് കുറച്ചധികം കുറയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. യുഡിഎഫിന്‍റെ സ്ഥാനാർഥി നിര്‍ണയത്തിലെ മികവാണ് അതിനൊരു പ്രധാനപ്പെട്ട കാരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി അബ്‌ദുൾ റഷീദാണ് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം 40,000-ത്തില്‍ നിന്ന് 22,000 ആയി കുറച്ചയാളാണ് അബ്‌ദുള്‍ റഷീദ്. അതിനാല്‍ കൂടുതല്‍ ആത്മവിശ്വാസം ഇത്തവണ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിലുണ്ട്. വി പി അബ്‌ദുൾ റഷീദ് മികച്ച മത്സരം കാഴ്‌ചവെക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നുറപ്പ്. 2021-ല്‍ 50,123 ആയിരുന്നു ധര്‍മ്മടത്ത് പിണറായിയുടെ ഭൂരിപക്ഷം.
നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞവട്ടം വിജയിച്ച മട്ടന്നൂരില്‍ ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി കെ സനോജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ കെ ശൈലജ നേടിയ 60,963 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി സനോജില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും, മികച്ച മാര്‍ജില്‍ എൽഡിഎഫ് മണ്ഡലം നിലനിര്‍ത്താനുള്ള രാഷ്‌ട്രീയ കാലാവസ്ഥ തന്നെയാണ് മട്ടന്നൂരിലുള്ളത്. ചന്ദ്രന്‍ തില്ലങ്കേരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കണ്ണൂരില്‍ എല്‍ഡിഎഫ് പ്രതീക്ഷ അരക്കിട്ടുറപ്പിച്ചിരിക്കുന്ന മറ്റൊരു മണ്ഡലം കല്ല്യാശ്ശേരിയാണ്. മണ്ഡലം രൂപീകരിച്ച 2011 മുതല്‍ നാളിതുവരെ കാതലായ ഒരു മത്സരം പോലും യുഡിഎഫ് കാഴ്‌ചവെച്ചിട്ടില്ലാത്ത കല്ല്യാശ്ശേരിയില്‍ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്‍റെ യുവ മുഖം എം വിജിന്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞവട്ടം വിജിന്‍ 44,393 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കല്ല്യാശ്ശേരിയില്‍ നിന്ന് വിജയിച്ചത്. രാജീവന്‍ കപ്പച്ചേരിയാണ് ഇത്തവണ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി എ വി സുനില്‍ കുമാര്‍ മത്സരിക്കുന്നു.
എല്‍ഡിഎഫിനെ സംബന്ധിച്ച് തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. കാരായി രാജനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഫസൽ വധ കേസിൽ പ്രതിയാക്കപ്പെട്ട കാരായി രാജനെ പോലൊരാള്‍ മറുഭാഗത്ത് വരുമ്പോൾ അക്രമരാഷ്ട്രീയവും ഫസൽ വധവും എസ്‌ഡിപിഐ ബന്ധവും തലശ്ശേരിയില്‍ വലിയ ചർച്ചയാവും എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തലശ്ശേരി മണ്ഡലത്തില്‍ ഈ വിവാദങ്ങളൊന്നും കൂസാത്ത സാഹചര്യത്തില്‍ മണ്ഡലത്തിലെ ഇടത് വിജയ ചരിത്രത്തിന് തടയിടാന്‍ യുഡിഎഫിനായേക്കില്ല. കെ പി സാജുവാണ് തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് നേതാക്കൾ അങ്കം കുറിക്കുന്ന നിയോജക മണ്ഡലമാണ് പേരാവൂര്‍. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും (യുഡിഎഫ്), മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും (എല്‍ഡിഎഫ്) നേരിക്കുനേര്‍ മത്സരിക്കുമ്പോൾ പേരാവൂരിലേത് സംസ്ഥാനത്തെ ഹെവി-വെയിറ്റ് പോരാട്ടമായി വിലയിരുത്തപ്പെടുന്നു. കെ കെ ശൈലജയെക്കാൾ മുന്‍തൂക്കം മണ്ഡലത്തില്‍ സണ്ണി ജോസഫിനുണ്ട് എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണ മണ്ഡലത്തിന്‍റെ എംഎൽഎ ആയിരുന്നു. വികസന പ്രവർത്തനങ്ങളിൽ വളരെ ജനകീയമായി ഇടപെടുന്ന ഒരാൾ എന്ന നിലയിൽ മണ്ഡലത്തിൽ അദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. കുടിയേറ്റ ക്രിസ്ത്യൻ മേഖലകളില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സണ്ണി ജോസഫ്. കെപിസിസി പ്രസിഡന്‍റ് ആയതോടെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്‌തു. അതും ഈ തിരഞ്ഞെടുപ്പിൽ പേരാവൂരില്‍ യുഡിഎഫിന് ഗുണം ചെയ്യും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സണ്ണി ജോസഫ് മന്ത്രിയാവുമെന്ന സംസാരവും പേരാവൂരിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ട്. ഇതെല്ലാം പേരാവൂരില്‍ സണ്ണി ജോസഫിന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. മാത്രമല്ല, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മലയോര മേഖലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുക്കാനായത് മണ്ഡലത്തില്‍ യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
ഇരിക്കൂറില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എംഎല്‍എ അഡ്വ. സജീവ് ജോസഫാണ് ആണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. അവിടെ സജീവ് ജോസഫ് തന്നെയാണ് നിലവില്‍ ജയിക്കാനുള്ള സാധ്യത. മറുപക്ഷത്ത്, കേരള കോൺഗ്രസ് എം സീറ്റിലുള്ള സ്ഥാനാർഥിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. മികച്ച പ്രചരണമാണ് ഇരു സ്ഥാനാര്‍ഥികളും ഇരിക്കൂര്‍ മണ്ഡലത്തില്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയിൽ നല്ല പണക്കൊഴുപ്പാർന്ന പ്രചരണം നടക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇരിക്കൂര്‍ നിയോജക മണ്ഡലം.
എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു നിയോജക മണ്ഡലം കണ്ണൂരാണ്. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം-ടേമും എല്‍ഡിഎഫിനായി മത്സരിക്കുന്നു. യുഡിഎഫിനായി മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി ഒ മോഹനാണ്. കടന്നപ്പള്ളി കഴിഞ്ഞ രണ്ടുതവണയും കടന്നുകൂടിയത് ചെറിയ ഭൂരിപക്ഷത്തിനായിരുന്നു. ആ തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രശ്‌നങ്ങളും മറ്റുമാണ് ജില്ലയിൽ പ്രതിസന്ധി ഉണ്ടാക്കിയത്. ഇപ്രാവശ്യം ഗ്രൂപ്പുകള്‍ പ്രത്യക്ഷമായിട്ടൊന്നും ഇല്ലെങ്കിലും യുഡിഎഫിന്‍റെ പ്രചരണം വളരെ നിരാശാജനകമാണ്. ഒരു നിയോജക മണ്ഡലം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചരണ ആവേശം കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കാണാനില്ല. ബാനറുകളും പോസ്റ്ററുകളും നന്നേ കുറവാണ്. മറ്റ് പ്രചരണ സംവിധാനങ്ങളും കുറവ്. ജില്ലയിലെ തന്നെ ഏറ്റവും മോശം യുഡിഎഫ് ക്യാമ്പയിൻ എന്നൊക്കെ നമുക്ക് വേണമെങ്കിൽ പറയാം. അതേസമയം, പ്രചരണത്തിന് ശക്തമായ പാർട്ടി സംവിധാനങ്ങൾ ഒന്നുമില്ലാത്ത ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി. കടന്നപ്പള്ളി കേരള കോൺഗ്രസ് എസ് ആണ് എന്നതുകൊണ്ടുതന്നെ സിപിഎം നേതൃത്വം ഏറ്റെടുത്തുള്ള പ്രചരണമാണ് അദേഹത്തിനായി മണ്ഡലത്തില്‍ ദൃശ്യമാകുന്നത്.
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് പിടിച്ചതിനാല്‍ അതിന്‍റെ ആനുകൂല്യം ഇപ്പോള്‍ യുഡിഎഫിനുണ്ട്. അതേസമയം, മുസ്ലിം സമുദായങ്ങൾക്കിടയിലൊക്കെ വലിയ സ്വീകാര്യത കടന്നപ്പള്ളിക്കുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. ഒരു ഗാന്ധിയൻ എന്ന നിലയില്‍ കോൺഗ്രസുകാരേക്കാൾ വലിയ കോൺഗ്രസുകാരൻ കടന്നപ്പള്ളിയാണ് എന്ന തരത്തിലാണ് എൽഡിഎഫ് അദേഹത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ ജയിക്കാനുള്ള സാധ്യത കൂടുതലാണ്, എങ്കിലും അന്തിമ പ്രവചനം അസാധ്യം. കടന്നപ്പള്ളിക്കുള്ള പ്രായാധിക്യമൊക്കെ കണക്കിലെടുത്ത് ജനങ്ങൾ അദേഹത്തിനെതിരെ വോട്ട് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കണ്ണൂർ ജില്ലയില്‍ ഏറ്റവും കനത്ത മത്സരം നടക്കുന്നത് യഥാർഥത്തിൽ അഴീക്കോട് മണ്ഡലത്തിലാണ്. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിനായി മത്സരിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എംഎല്‍എമാരില്‍ ഒരാളായ സിപിഎമ്മിലെ കെ വി സുമേഷാണ്. സുമേഷ് നേരിയ ഭൂരിപക്ഷത്തിലാണ് അഴിക്കോട് കഴിഞ്ഞ തവണ ജയിച്ചത് കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളായിട്ട് ചെറിയ ഭൂരിപക്ഷങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന മണ്ഡലമാണ് അഴീക്കോട്. യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ ശക്തിയുണ്ട് ഇവിടെ. ഇരു കൂട്ടരും മാറി മാറി ജയിച്ചിട്ടുമുണ്ട്. കെ എം ഷാജി ജയിക്കുകയും എം വി നികേഷ് കുമാർ തോല്‍ക്കുകയും ചെയ്‌ത ചരിത്രം നമുക്ക് മുന്നിലുണ്ട്. ഇത്തവണ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റായ കരീം ചേലേരിയാണ് അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നേരത്തെ തന്നെ കരീം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അടിത്തട്ടില്‍ ഏറ്റവും നല്ല ശക്തമായി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ സിപിഎം, നടിമാരെയും എഴുത്തുകാരെയും മറ്റും കൊണ്ടുവന്ന് സാംസ്‌കാരിക സംഗമങ്ങള്‍ നടത്തി സുമേഷിന്‍റെ ഒരു ജനകീയ മുഖത്തെ ഒന്നുകൂടെ ഉറപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നു. അതിനാല്‍, അഴീക്കോട് ആര് ജയിക്കും എന്ന് വോട്ടെണ്ണി കഴിയുമ്പോള്‍ മാത്രമേ പറയാനാകൂ.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തളിപ്പറമ്പും പയ്യന്നൂരും. രണ്ടിടങ്ങളിലെയും അടിയൊഴുക്കിന്‍റെ ആഴം എത്രയാണെന്നത് ഇപ്പോള്‍ പ്രവചിക്കാനാവില്ല. സിപിഎം 2,000 അണികളെ അണിനിരത്തി സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുന്ന പരിപാടികളില്‍ പോലും കയ്യടിക്കാന്‍ ആളുകള്‍ വളരെ കുറവാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും ഇടത് വോട്ടുകളില്‍ അടിയൊഴുക്കുകള്‍ ശക്തമാണ് എന്നാണ് ഇത് നല്‍കുന്ന സൂചന.
രക്തസാക്ഷി ഫണ്ട് തട്ടിയ ആള്‍ എന്ന തരത്തിലൊരു മോശം ചിത്രം വി കുഞ്ഞിക്കൃഷ്‌ണന്‍റെ നിരന്തരമായ ആരോപണങ്ങളിലൂടെ സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി ഐ മധുസൂദനൻ എംഎൽഎയുടെ മുകളിലുണ്ട്. ആരോപണങ്ങള്‍ കഴുകി കളയാൻ പ്രാപ്‌തമാകുന്ന നിലയിലുള്ള ഒരു പ്രതിരോധം സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. 'വർഗ്ഗവഞ്ചകനാണ്, ചതിയനാണ്, കുലംകുത്തിയാണ്' എന്നൊക്കെ വി കുഞ്ഞികൃഷ്‌ണനെ വിശേഷിപ്പിക്കുന്നതല്ലാതെ അദേഹം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാൻ പാര്‍ട്ടിക്ക് പറ്റാത്ത കാലത്തോളം ആ ഫണ്ടിൽ വെട്ടിപ്പ് നടന്നു എന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം പയ്യന്നൂരില്‍ വളരെ കൂടുതലാണ്. പയ്യന്നൂരിലെ വിവിധ കമ്മിറ്റികളില്‍ നടന്ന യോഗങ്ങളിൽ കടുത്ത വിമർശനങ്ങളാണ് പാർട്ടി സഖാക്കൾ ജില്ലാ നേതാക്കളുടെ മുന്നിൽ വച്ചത്. ഏരിയ കമ്മിറ്റി മീറ്റിംഗിൽ ബഹളം ഉണ്ടാവുകയും അഞ്ച് പേർ ഇറങ്ങിപ്പോവുകയുമുണ്ടായി. പയ്യന്നൂരില്‍ സിപിഎമ്മിന്‍റെ അടിത്തട്ടില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ഫണ്ട് വെട്ടിയോ തട്ടിയോ എന്നുള്ളത് പാർട്ടി അനുഭാവികളിലും പാർട്ടി പ്രവർത്തകരിലും പാർട്ടി കുടുംബങ്ങളിലുമെല്ലാം ഇപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നു.
പയ്യന്നൂര്‍ മണ്ഡലത്തില്‍ 49000-ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ടി ഐ മധുസൂദനനുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാജമോഹൻ ഉണ്ണിത്താൻ യുഡിഎഫ് സ്ഥാനാര്‍ഥിയായി കാസര്‍കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 13,000 വോട്ടിന്‍റെ ഭൂരിപക്ഷമേ എൽഡിഎഫിന് നേടാനായുള്ളൂ. ആ 13,000 വോട്ടിനെ വിഘടിച്ച് ഒരു 7,500 വോട്ട് മറിക്കാനായാല്‍ നിലവിലത്തെ സാഹചര്യത്തിൽ ഒരുപക്ഷേ പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്‌ണന്‍ വിജയിക്കാം. 7,500 വോട്ട് മറിക്കാനുള്ള ശേഷി കുഞ്ഞിക്കൃഷ്‌ണനുണ്ട് മണ്ഡലത്തിൽ എന്നാണ് പൊതു വിലയിരുത്തല്‍. അതിനാല്‍ തന്നെ സിപിഎമ്മിനെ ഞെട്ടിക്കുന്ന ഒരു അട്ടിമറിക്ക് സാധ്യതയുള്ള ഒരു മണ്ഡലമാണ് പയ്യന്നൂർ.
തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി കെ ശ്യാമള ടീച്ചറെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് തുടക്കത്തിലേ വിവാദമായിരുന്നു. അണികള്‍ക്കിടയില്‍ ഇതില്‍ വിയോജിപ്പ് തുടരുന്നതിനാല്‍ തളിപ്പറമ്പില്‍ അതിശക്തമായ തെരഞ്ഞെടുപ്പ് പ്രചരണമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നീ രണ്ട് പ്രധാന നേതാക്കൾക്ക് മണ്ഡലത്തിലെ ചുമതല കൊടുത്താണ് സിപിഎമ്മിന്‍റെ തെരഞ്ഞടുപ്പ് ക്യാമ്പയിന്‍ മുന്നോട്ടുപോകുന്നത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിയോജിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ ടി കെ ഗോവിന്ദന്‍ മാസ്റ്ററാണ് തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കൂടുമാറിയെത്തിയ ടി കെ ഗോവിന്ദന്‍ മാസ്റ്ററെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് നീക്കത്തിനെ എതിര്‍ത്ത് വിമതനായി കെപിസിസി അംഗം കൊയ്യം ജനാര്‍ദനന്‍ മത്സരിക്കുന്നുമുണ്ട്.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫിന്‍റെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ ജയന്തി രാജന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയന്തിയുടെ സംസാരങ്ങൾ, അവരുടെ പെരുമാറ്റം എന്നിവയ്‌ക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യത കിട്ടിക്കഴിഞ്ഞു. ജയന്തി രാജന്‍റെ ഈ പ്രചരണ മികവ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ആര്‍ജെഡി സ്ഥാനാര്‍ഥി പി കെ പ്രവീണിന്‍റെ പ്രതീക്ഷകള്‍ കൂത്തുപറമ്പില്‍ കുറയുന്നുമില്ല. എങ്കിലും, ജയന്തി രാജന് അനുകൂലമായൊരു ട്രെൻഡ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന സമയത്ത് ഉണ്ടായിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഇത്രയുമാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആവേശം കൊട്ടിക്കലാശത്തോട് അടുക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയുടെ ഒരു പൊതു ചിത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam