യുഡിഎഫ് വീട്ടിലെ അദൃശ്യ 'കാര്‍ന്നോര്‍'; നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

Published : May 04, 2026, 04:36 PM ISTUpdated : May 04, 2026, 04:40 PM IST
Sayyid Sadiq Ali Shihab Thangal

Synopsis

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നിർണായക ശക്തിയായി മാറി. മത്സരിച്ച 26 സീറ്റുകളിൽ 22 എണ്ണവും വിജയിച്ച ലീഗ്, സീറ്റ് വിഭജനം മുതൽ പ്രചാരണം വരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന് മുന്നണിയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.

തിരുവനന്തപുരം: ഇത് മുസ്ലീം ലീഗിന്‍റെ കൂടി വിജയവും സന്തോഷവും. യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി സംസ്ഥാനത്ത് 10 വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഭരണത്തിലേക്ക് തിരിച്ചുവരുമ്പോള്‍ മുന്നണിയുടെ കരുത്തും പ്രചോദനവുമായി മാറി ഇത്തവണ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. സീറ്റ് വിഭജനം മുതല്‍ വോട്ടെണ്ണല്‍ ദിനം വരെ വിവാദങ്ങള്‍ക്ക് കാര്യമായ അവസരം കൊടുക്കാതെ കോണ്‍ഗ്രസുമായി തോളോട് തോള്‍ ചേര്‍ന്നായിരുന്നു ഇക്കുറി മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തനം. 10 വര്‍ഷം അധികാര സ്ഥാനത്തില്ലാതെ പ്രതിപക്ഷത്തിരുന്നതില്‍ നിരാശരായിരുന്ന ലീഗ് അണികള്‍ ഊര്‍ജം വീണ്ടെടുത്ത തെരഞ്ഞെടുപ്പ് ഫലം കൂടിയായി ഇത്.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 26 സീറ്റുകളില്‍ 22 ഇടത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വിജയിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വിജയിച്ച പാര്‍ട്ടി ലീഗാണ്. വിജയിച്ച ലീഗ് സ്ഥാനാര്‍ഥികളില്‍ മിക്കവര്‍ക്കും ലഭിച്ചത് കൂറ്റന്‍ ഭൂരിപക്ഷം. അതേസമയം, വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ സിപിഎമ്മുമായി നേരിയ വ്യത്യാസം മാത്രാണ് ലീഗിനുള്ളത് എന്നതും പരിഗണിക്കണം. യുഡിഎഫില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നിര്‍ണായകമായ നെടുംതൂണായി ലീഗ് മാറിയെന്ന് ചുരുക്കം. 2021-ല്‍ യുഡിഎഫ് 41 സീറ്റുകളില്‍ മാത്രം ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 22 ഉം ലീഗ് 15 ഉം ഇടത്താണ് വിജയിച്ചിരുന്നത്. 25 സീറ്റുകളില്‍ മത്സരിച്ചായിരുന്നു അന്ന് ലീഗിന്‍റെ 15 ജയം.

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി തുടങ്ങുന്ന പതിവ് തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണ യുഡിഎഫ് തെര‍ഞ്ഞെടുപ്പിനൊരുങ്ങിയത്. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തില്‍ പരസ്യമായ പോരിന് ലീഗ് ഒരവസരത്തിലും മുതിര്‍ന്നില്ല. എല്ലാം മുന്നണിക്കുള്ളില്‍ മാത്രം ചര്‍ച്ചയാക്കി ലീഗ് മുന്നണി മര്യാദ കാത്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒരുവശത്ത് ഉയര്‍ന്നപ്പോഴും സമചിത്തതയോടെയായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ പ്രതികരണം. നേതാക്കളെ നിയന്ത്രിച്ച് ചെയര്‍മാന്‍ സയ്യിദ് സാദിഖലി അലി ശിഹാബ് തങ്ങളും മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും അണികള്‍ക്ക് വഴികാട്ടികളായി. അധികാരത്തില്‍ തിരിച്ചെത്തുക മാത്രമായിരുന്നു ലീഗിന്‍റെ ഒറ്റ ലക്ഷ്യമെന്ന് വ്യക്തം.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അദൃശ്യ ഹീറോയായി മുസ്ലീം ലീഗ്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ് ലീഗ് എന്നതുകൊണ്ടുതന്നെ എണ്ണയിട്ട യന്ത്രം പോലെയാണ് പാര്‍ട്ടി നേതാക്കളും അണികളും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. രാഹുല്‍ ഗാന്ധിയും മല്ലിഗാര്‍ജുന്‍ ഗാര്‍ഖയും, പ്രിയങ്ക ഗാന്ധിയും പോലെയുള്ള കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിന് എത്തിയപ്പോഴും സദസ് കൊഴുപ്പിച്ചത് ലീഗ് അണികളായിരുന്നു. കോണ്‍ഗ്രസിന് വേരുറപ്പുള്ള മണ്ഡലങ്ങളില്‍ പോലും ലീഗ്, മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിരോധത്തിലായപ്പോഴും എതിരാളികളുടെ പരിഹാസം നേരിട്ടപ്പോഴും പ്രതിരോധിക്കാന്‍ ലീഗ് നേരിട്ടിറങ്ങി എന്നതും ശ്രദ്ധേയമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് കഹാറിനെ ഇറക്കിയിട്ടും നടന്നില്ല; വർക്കലയിൽ ചുവപ്പ് കോട്ട കാത്ത് വി. ജോയ്
അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചു