തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താൻ സാധ്യത. ഓണവും വിഷുവും റംസാനും കണക്കിലെടുത്ത് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നാണ് മുഖ്യരാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടതെങ്കിലും, സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികൾക്ക് പുറമേ, ചീഫ് സെക്രട്ടറിയുമായും സുനിൽ അറോറ കൂടിക്കാഴ്ച നടത്തി. കൊവിഡ് കണക്കാക്കി, കർശനമാനദണ്ഡങ്ങളോടെയാകും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുകയെന്നും സുനിൽ അറോറ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കുള്ള മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പിനൊപ്പം തന്നെ നടത്തും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കേരള സന്ദർശനത്തിൽ പൊതുവായി മിക്ക രാഷ്ട്രീയപാർട്ടികളും പൊതുവായി ഉയർത്തിയ ആവശ്യം ഏപ്രിൽ രണ്ടാം വാരത്തിന് മുമ്പ് വോട്ടെടുപ്പ് നടത്തണം എന്നാണ്. മെയിലേക്ക് വോട്ടെടുപ്പ് കടക്കാൻ ഇടയില്ലെന്നാണ് സൂചന. ഏത് സമയവും തെരഞ്ഞെടുപ്പ് നടത്താൻ കേരളം തയ്യാറാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കേരളത്തിൽ ഇത്തവണ പോളിംഗ് ബൂത്തിൽ ജനവിധിയെഴുതാനെത്തുക 2.67 കോടി വോട്ടർമാരാണ്. പ്രചാരണത്തിന് കർശനമായ കൊവിഡ് മാനദണ്ഡങ്ങളാകും ഉണ്ടാകുക. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂ. ഒരു ബൂത്തിൽ 1000 വോട്ടർമാർ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് സ്വീകരിക്കും. സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും വരുന്ന വ്യാജവാർത്തകൾ കർശനമായി നിയന്ത്രിക്കും. മൂന്ന് വടക്കൻ ജില്ലകൾ പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളിൽ കർശനസുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും.
രാഷ്ട്രീയ പാർട്ടികൾ എല്ലാവരും വിഷുവും റംസാനും തീയതികളനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടുവെന്ന് സുനിൽ അറോറ വ്യക്തമാക്കി. എന്നാൽ സിബിഎസ്ഇ പരീക്ഷ കൂടി കണക്കിലെടുത്തേ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാനാകൂ എന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറയുന്നു. ബിഹാറിന് നന്നായി തെരഞ്ഞെടുപ്പ് നടത്താൻ കൊവിഡ് കാലത്ത് കഴിഞ്ഞെങ്കിൽ കേരളത്തിലും അത് നടപ്പാക്കാനാകും. കേരളത്തിന്‍റെ ഇരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാർ എന്നും സുനിൽ അറോറ പറയുന്നു.
വാർത്താസമ്മേളനം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam