ഒറ്റക്കെട്ടായി നിയമസഭ, 8 വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Published : Oct 29, 2026, 04:41 PM ISTUpdated : Oct 29, 2026, 06:09 PM IST
niyamasabha

Synopsis

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ ഒറ്റക്കെട്ടായി പാസാക്കി. എട്ടു വർഷത്തിന് ശേഷമാണ് ഈ ശമ്പള വർധനവ് നടപ്പിലാക്കുന്നത്. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം

മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാൻ ഇന്നലെയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യങ്ങൾ 70000 ൽ നിന്ന് 98000 മാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷമാക്കും. മണ്ഡല അലവൻസുകളും യാത്രാ ബത്തയും ഇന്ധന കൂപ്പൺ തുകയും കൂട്ടും. പലിശ രഹിത വാഹന വായ്പാ പരിധി ഉയർത്തും.

അതിവേഗ നീക്കം, എല്ലാവരും ഹാപ്പി

സ്വന്തം ശമ്പളം കൂട്ടാനുള്ള ബില്ലിൽ നിയമസഭയിൽ തർക്കവും ഇല്ല, വിയോജനക്കുറിപ്പും ഉണ്ടായില്ല. പോർവിളിയെല്ലാം മാറ്റി ഒറ്റക്കെട്ടായി ബിൽ പാസാക്കി ഹാപ്പിയായി പിരിയുകയായിരുന്നു സാമാജികർ. ഇന്നലെ ബിൽ അംഗീകരിച്ച് കാബിനറ്റ്. പാർലമെൻററി കാര്യമന്ത്രി ലോക്ഭവനിലെത്തി നേരിട്ട് വിശദീകരിച്ച് അതിവേഗം ഗവർണറുടെ അനുമതി വാങ്ങി. ആദ്യം അജണ്ടയിൽ ഉൾപ്പെടുത്താത്ത ബിൽ അതിവേഗം കൂട്ടിച്ചേർത്ത് പാസസാക്കി. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യം 70000 ൽ നിന്ന് 98000 ആക്കി. മന്ത്രിമാരുടേത് 1.33 ലക്ഷമാക്കി. എം എൽ എമാരുടെ പലിശ രഹിത വാഹനവായ്പയും ഭവനവായ്പയും കൂട്ടി. വാഹനവായ്പ 10 ലക്ഷത്തിൽ നിന്ന് 15 ആയി. ഭവനവായപ 20 ൽ നിന്ന് 25 ലക്ഷം. പ്രതിവർഷ ഇന്ധന കൂപ്പൺ 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം, എക്സ് എം എൽ എമാരെയും കൈവിട്ടില്ല. മുൻ എം എൽ എമാരുടെ പരമാവധി പെൻഷൻ 50000 ൽ നിന്ന് 60000 ആക്കി. പ്രതിവർഷ ഇന്ധന കൂപ്പൺ 1 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമാക്കി. 2018 ലാണ് അവസാനമായി ആനുകൂല്യങ്ങൾ കൂട്ടിയത്. ജീവിതച്ചെലവ് കൂടിയതും പ്രവർത്തിഭാരവുമാണ് ശമ്പള കൂട്ടാനുള്ള കാരണമായി പറയുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും രണ്ട് ലക്ഷത്തിലേറെ ആനുകൂല്യങ്ങൾ ഉള്ളത് സർക്കാർ താരതമ്യം ചെയ്യുന്നുണ്ട്. മറ്റ് പല വിഭാഗങ്ങളും ശമ്പളം കുട്ടാൻ നിവേദനം നൽകിയും സമരം ചെയ്തും കാത്തിരിക്കുമ്പോൾ എം എൽ എമാർക്കുള്ള മിന്നൽ തീരുമാനത്തിൽ വിമർശനവും ഉയരുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസ്; നിർണായകമായത് അമ്മയും സുഹൃത്തും തമ്മിലുള്ള ചാറ്റുകൾ, നിവേദ്യക്ക് മാർട്ടിനുമായി ഒരു വർഷത്തെ ബന്ധം
പിഎസ്‍സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, പുതുതായി രജിസ്റ്റർ ചെയ്ത കേസുകൾ ഉദ്യോഗസ്ഥർക്ക് നൽകി