പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ടു എസ്പി മാരെയും ഒരു ഡിവൈഎസ് പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ടു എസ്പി മാരെയും ഒരു ഡിവൈഎസ് പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി. പുതുതായി രജിസ്റ്റർ ചെയ്ത 3 കേസുകൾ ഉദ്യോഗസ്ഥർക്ക് നൽകി. 10 പി എസ് സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നൽകും. അതേസമയം, പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനും അംഗങ്ങളും നൽകിയ മൊഴികളിൽ ഭിന്നത. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകി. പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്തു.

ഉദ്യോ​ഗസ്ഥരായ ഹരി, സതീഷ് എന്നിവരെ പൂർണമായും സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ എം ആർ ബൈജു നൽകിയിരിക്കുന്നത്. ആസൂത്രണ ബോ‍ർഡ് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം സാങ്കേതിക പിഴവാണെന്നും ബോധപൂർവമായ വീഴ്ചയല്ലെന്നുമാണ് ചെയർമാൻ്റെ മൊഴി. ചെയ‍ർമാൻ്റെ മൊഴി പൂർണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ചെയർമാനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാധ്യത ഉള്ളത്. അതിനിടെ, പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എംവിഐ പരീക്ഷയുമായി ബന്ധപ്പെട്ടാണ് കേസ്. പരീക്ഷയിലെ ഭൂരിപക്ഷം ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്നാണെന്നായിരുന്നു പരാതി.