സർക്കാരിന് തിരിച്ചടി, നിയമസഭാ കയ്യാങ്കളി കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Mar 12, 2021, 4:17 PM IST
Highlights

കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ, മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരും നാല് എംഎൽഎമാരും നേമത്തെ സ്ഥാനാർത്ഥി വി ശിവൻകുട്ടി അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരും. 

തിരുവനന്തപുരം/ കൊച്ചി: 2015-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതി തള്ളി. കേസ് നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ, ഇതോടെ, മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരും നാല് എംഎൽഎമാരും നേമത്തെ സ്ഥാനാർത്ഥി വി ശിവൻകുട്ടി അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരും. 

നേരത്തേ തിരുവനന്തപുരത്തെ സിജെഎം കോടതി സംസ്ഥാനസർക്കാരിന്‍റെ ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭാ അംഗങ്ങൾക്ക് എതിരെ കേസ് എടുക്കണമെങ്കിൽ സ്പീക്കറുടെ  അനുമതി വേണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇത്തരം കേസുകൾ പിൻവലിക്കുന്നതിൽ എന്താണ് പൊതു താൽപര്യമെന്ന് കോടതിയും സർക്കാരിനോട് ആരാ‌‌ഞ്ഞു. കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എതിർകക്ഷിയാണ്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ഈ കേസിൽ പൊതുതാൽപ്പര്യമില്ലെന്നും സർക്കാർ വാദം നിലനിൽക്കില്ലെന്നുമാണ് ചെന്നിത്തലയുടെ വാദം. ആദ്യം ഈ കേസ് പരിഗണിക്കവേ, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒടുവിലിപ്പോൾ, സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ സർക്കാരിന് മുന്നിലുള്ള ഏക വഴി സുപ്രീംകോടതിയെ സമീപിക്കുക എന്നതാണ്. 

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു. ജയിലിൽ കിടക്കേണ്ടി വന്നാൽ കിടക്കും. അതിന് യാതൊരു മടിയുമില്ല. കേസിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു. ഇതോടെ, കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതി വരെ നീളുമെന്ന് ഉറപ്പായി. 

രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. ആറ് ഇടതുനേതാക്കൾ കേസിലെ പ്രതികളാണ്. കേസിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്ന ഘട്ടത്തിൽ വി. ശിവൻകുട്ടി, കെ. അജിത്, സി. കെ. സദാശിവൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവരും, മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരും. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കേസിലെ വിചാരണ തുടങ്ങുമോ എന്നതാണ് ശ്രദ്ധേയം. നിർണായകമായ പോരാട്ടം നടക്കുന്ന നേമത്ത് വി ശിവൻകുട്ടിക്കെതിരെ ഈ കയ്യാങ്കളിക്കേസ് വീണ്ടും ബിജെപിയും കോൺഗ്രസും കുത്തിപ്പൊക്കാനും സാധ്യതയേറെയാണ്.

click me!