
സുല്‍ത്താന്‍ബത്തേരി: കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) വഴി സര്‍ക്കാര്‍ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും ഇതിന്റെ വില നല്‍കുന്നത് വായ്പ നല്‍കിയതായി കാണിച്ചുള്ള രേഖകളില്‍ ഒപ്പിടുവിച്ചാണെന്ന് ബത്തേരിയിലെ ഒരു പറ്റം കര്‍ഷകരുടെ പരാതി. നെല്ല് വാങ്ങിയ വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോയില്‍ നിന്ന് ലഭിക്കേണ്ട തുക നിലവില്‍ കേരള ബാങ്ക് ആണ് നല്‍കുന്നത്. എന്നാല്‍ എത്രയാണോ നെല്ലിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് ആ തുക പണമായി ലഭിക്കണമെങ്കില്‍ കേരള ബാങ്ക് നല്‍കുന്ന വായ്പ രേഖകളില്‍ ഒപ്പ് വെക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
രേഖകള്‍ ഒപ്പ് വെച്ച് നല്‍കാത്തവര്‍ക്ക് നെല്ലിന്റെ വില എക്കൗണ്ടില്‍ വന്നതായി കാണിക്കുമെങ്കിലും എ.ടി.എം വഴിയോ ബാങ്കിലെത്തിയോ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്നതാണ് പ്രശ്‌നം. രണ്ട് മാസം മുമ്പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില എക്കൗണ്ടില്‍ എത്തിയതായി നൂല്‍പ്പുഴ പഞ്ചായത്തിലെ വിവിധ കര്‍ഷകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇത് പ്രകാരം പണം പിന്‍വലിക്കാനായി ബാങ്കിലും എ.ടി.എമ്മിലും എത്തിയപ്പോഴാണ് തുക പിന്‍വലിക്കാന്‍ കഴിയാത്തതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ബത്തേരിയിലെ കേരള ബാങ്ക് അധികാരികള്‍ ചൂണ്ടിക്കാട്ടിയതെന്ന് തേലമ്പറ്റയിലെ കര്‍ഷകനായ കെ.പി. തോമസ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ കൃഷിയിറക്കുന്നതിനും മറ്റും കൂലിയിനത്തിലും വിത്ത് വാങ്ങുന്നതിനും ഉള്‍പ്പെടെ കൊടുക്കാനുള്ള തുക നല്‍കാന്‍ കഴിയാതെ ബുദ്ധമുട്ടുകയാണ് കര്‍ഷകര്‍. നെല്ല് സംഭരിച്ചതിന് കേരള ബാങ്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഏതെങ്കിലും കാരണവശാല്‍ സപ്ലൈകോ നല്‍കാത്ത പക്ഷം ഈ തുക കര്‍ഷകരില്‍ നിന്ന് എട്ടര ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന വായ്പാരേഖയാണ് ബാങ്ക് അധികൃതര്‍ ഒപ്പിട്ട് വാങ്ങുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏറെ നാളത്തെ കഷ്ടപ്പാടിന് ശേഷം വിളവെടുത്തെങ്കിലും നെല്ല് വിറ്റ പണം ഇത്തരത്തില്‍ വായ്പയായി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അന്വേഷിക്കണമെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കര്‍ഷകനായ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
വന്യമൃഗശല്ല്യം കാരണം കൃഷിയിറക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് അധികൃതരുടെ തലതിരിഞ്ഞ നടപടി സ്വകാര്യ മില്ലുകാരെ സഹായിക്കാന്‍ ഉതകുന്നതാണെന്നും ഇത്തരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിച്ചാല്‍ വീണ്ടും കര്‍ഷകര്‍ സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും കോളിപ്പാടി പാടശേഖരത്തിലെ കര്‍ഷകരായ കമലയും സജിയും പറഞ്ഞു. അതേ സമയം എല്ലാ വര്‍ഷവും ഇത്തരം നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമാണ് കര്‍ഷകര്‍ക്ക് പണം അനുവദിക്കാറുള്ളതെന്നും അവര്‍ക്ക് വേഗത്തില്‍ പണം ലഭിക്കുന്നതിനായുള്ള നടപടികള്‍ മാത്രമാണിവയെന്നുമാണ് കേരള ബാങ്ക് അധികൃതരുടെ വിശദീകരണം. ലോണ്‍രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമെ എക്കൗണ്ടിലെത്തിയ പണം കര്‍ഷകന് പിന്‍വലിക്കാന്‍ സാധിക്കൂവെന്നും അധികാരികള്‍ പറഞ്ഞു.
Read Also: ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികൾ മുറിച്ചുമാറ്റി