
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഞായറാഴ്ചയോടെ ഉണ്ടായേക്കാമെന്ന് ഹൈക്കമാൻഡ്. കേരളത്തിലെത്തുന്ന നിരീക്ഷകർ കെസി വേണുഗോപാൽ അടക്കമുള്ളവരുടെ പേരുകളിൽ എംഎൽഎമാരോട് അഭിപ്രായം തേടും. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാന നേതാക്കളോട് നേരിട്ട് അഭിപ്രായം തേടിയേക്കും. അതേസമയം, മഹാരാഷ്ട്രയിലെ സംഘടന വിഷയങ്ങൾക്കായി ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല ഇതിനിടെ കേന്ദ്ര നേതാക്കളെ കണ്ടത് അഭ്യൂഹങ്ങൾക്കിടയാക്കി.
മുകുൾ വാസ്നികും അജയ് മാക്കനും കേരളത്തിലെത്തി നടത്തുന്ന ചർച്ചകൾക്ക് ശേഷമുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. എംഎൽഎമാരിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നിരീക്ഷകർ ഹൈക്കമാന്‍ഡിനെ അറിയിക്കും. വെള്ളിയാഴ്ചോടെ നടപടികൾ പൂർത്തിയാക്കാനാണ് നിരീക്ഷകർക്ക് നിർദ്ദേശം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിക്കും ദില്ലിയിൽ എത്താൻ നിർദ്ദേശം നല്കിയിട്ടുണ്ട്. ശനിയും ഞായറുമായി മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളെ നേരിട്ട് വിളിക്കാനാണ് സാധ്യത. കെസി വേണുഗോപാലിൻ്റെ അടക്കം പേരുകളിൽ എംഎൽഎമാരുടെ അഭിപ്രായം തേടാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിപ്പോരില്‍ മൂന്ന് നേതാക്കളും പിന്നോട്ടില്ല എന്ന സന്ദേശം വ്യക്തം. ഘടക കക്ഷി നേതാക്കളോട് പ്രത്യേകിച്ച് മുസ്ലിം ലീഗിനോട് ആവശ്യമെങ്കിൽ രാഹുൽ ഗാന്ധി സംസാരിക്കും. എംപിമാരുടെ നിലപാട് ആരായുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തർക്കം തെരുവിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പൊട്ടിത്തെറി ഒഴിവാക്കാൻ സമവായത്തിന് ഇപ്പോഴേ ശ്രമം വേണം എന്നാണ് ചില എംപിമാർ നിർദ്ദേശിക്കുന്നത്. സംഖ്യ നോക്കാതെ സമവായമാണ് ഉണ്ടാക്കേണ്ടത് എന്ന് നാല് എംപിമാർക്ക് എങ്കിലും അഭിപ്രായമുണ്ട്. തർക്കം തുടരുന്നതിനിടെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്കും ഇന്ന് കേരള ഹൗസിൽ അനുയായികൾ സ്വീകരണം നല്‍കി. മഹരാഷ്ട്രയിലെ പിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള യോഗത്തിനാണ് ചെന്നിത്തല ദില്ലിയിലെത്തിയത്. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴി തുറന്നു.
മല്ലികാർജ്ജുൻ ഖർർഗെയുമായി അടുത്ത ബന്ധമുള്ള ചെന്നിത്തലയ്ക്ക് സമവായമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന പ്രതീക്ഷയിലാണ് അനുയായികൾ. സോണിയ ഗാന്ധി ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ സംഘടനാപരമായി പാർട്ടിക്ക് കെസി വേണുഗോപാലിനെയാണ് ആവശ്യമെന്ന വാദമാണ് കെസി പക്ഷം ശക്തമാക്കുന്നത്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടിൽ നില്ക്കുന്ന മുസ്ലിം ലീഗ് രാഹുൽ ഗാന്ധിയോടടക്കം എന്ത് പറയമെന്നതും തീരുമാനത്തില്‍ നിർണ്ണായകാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam