
തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നില മെച്ചപ്പെടുത്തിയത്. വൻ വിജയം കരസ്ഥമാക്കിയതോടെ ആരാകും അടുത്ത മുഖ്യമന്ത്രി എന്നതാണ് ഇപ്പോൾ കോൺഗ്രസിനകത്തെ ചർച്ച. വിഡി സതീശനാണോ രമേശ് ചെന്നിത്തലയാണോ അതോ കെസി വേണുഗോപാലോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയിൽ ഇന്ന് രമേശ് ചെന്നിത്തല ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യാനും ഒപ്പം കേളത്തിലെ ചില വിഷയങ്ങൾ കൂടി ഉയർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസിലെ ഏറ്റവും സീനിയർ ആയ വ്യക്തിയാണ് രമേശ് ചെന്നിത്തല. അതുതന്നെയാണ് അദ്ദേഹത്തിന് ഗുണകരമാകുന്നതും. ഇരുപത്തി ഏഴാം വയസിൽ മന്ത്രിയായ വ്യക്തിയാണ്. എംഎൽഎമാരുടെ പിന്തുണയിൽ അദ്ദേഹം പിന്നിലാണെന്നുള്ളതുമാത്രമാണ് അദ്ദേഹത്തിന് ദോഷകരമായി മാറാൻ സാധ്യതയുള്ളത്. അദ്ദേഹം നയിച്ച 2021ലെ തെരഞ്ഞെടുപ്പിലെ കളങ്കം ഇപ്പോഴും മാറുന്നില്ല എന്നതും ആര് മുഖ്യമന്ത്രിയാകണം എന്ന ചർച്ചയിൽ പ്രധാന വിഷയമായി മാറിയേക്കാം. എന്നാൽ ഏറ്റവും സീനിയർ ആയ നേതാവെന്ന സ്ഥിതിക്ക് മുഖ്യമന്ത്രി കസേരയിലേക്ക് വരാൻ താനാണ് അർഹനെന്നാണ് അദ്ദേഹം വാദിക്കുന്നത്.
വളരെ ശ്രദ്ധയോടെയാണ് രമേശ് ചെന്നിത്തല കാര്യങ്ങൾ നീക്കുന്നത്. ഇപ്പോൾ വലിയ മത്സരം നടക്കുന്നത് വിഡി സതീശനും കെസി വേണുഗോപാലിനും ഇടയിലാണ്. ഈ മത്സരത്തിൽ രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് ആരാകണം എന്ന ചർച്ച വന്നപ്പോൾ ഭൂരിപക്ഷം എംഎൽഎമാരും പറഞ്ഞ പേര് രമേശ് ചെന്നിത്തലയുടേതായിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ പാർട്ടി തയ്യാറായിരുന്നില്ല. വിഡി സതീശൻ്റെ കൈകളിലേക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം എത്തുകയായിരുന്നു. അതിന് ഒരു കാരണമായത്, ഒരു മാറ്റം വേണമെന്ന് രാഹുൽഗാന്ധി തീരുമാനിച്ചതായിരുന്നു. അന്ന് രാഹുൽ ഗാന്ധി നേരിട്ട് തന്നെ രമേശ് ചെന്നിത്തലയെ ഈ കാര്യങ്ങൾ അറിയിക്കുകയും ചെയ്തതാണ്.
ഇത്തവണ മൂന്ന് പേർ തമ്മിലുള്ള മത്സരം നോക്കുമ്പോൾ ഏറ്റവും കുറവ് സാധ്യത രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. കാരണം, എംഎൽഎമാരുടെ പിന്തുണ നോക്കുകയാണെങ്കിൽ കെസി വേണുഗോപാലിനാണ് കൂടുതൽ പിന്തുണ അതിനു ശേഷം വിഡി സതീശനാണ്. എന്നാൽ വിഡി സതീശനിലേക്ക് എത്താനുള്ള ഒരുപാട് ഘടകങ്ങൾ നിലവിലുണ്ട്. അത് ഘടക കക്ഷികളുടെ പിന്തുണയാണ്. കെസി വേണുഗോപാൽ ദില്ലിയിൽ നിൽക്കട്ടെ എന്ന് രാഹുൽ ഗാന്ധി തീരുമാനിക്കുകയാണെങ്കിൽ ഒരു സമവായത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. അങ്ങിനെയൊരു സമവായത്തിലേക്ക് പോകുകയാണെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് കൂടുതൽ പ്രാധാന്യം കിട്ടാനുള്ള സാധ്യതയുമുണ്ട്. പഴയ എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള സാധ്യതയുണ്ട്. സാമുദായിക സംഘടനകളും രമേശ് ചെന്നിത്തയ്ക്ക് ഒപ്പം നിൽക്കുമെന്നുതന്നെയാണ് കരുതുന്നത്.
ഇന്ന് ദില്ലിയിൽ എത്തുമ്പോൾ മഹാരാഷ്ട്രയിലെ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് അടക്കമുള്ള ചർച്ചകളാണ് നടക്കാൻ പോകുന്നത്. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ ഇക്കാര്യത്തിൽ ചെന്നിത്തല കാണും എന്നാണ് സൂചന. മല്ലികാർജുന ഖാർഗെയുമായും ചർച്ച നടത്താനുള്ള സാധ്യതയുണ്ട്. ദേശീയ നേതാക്കളെ കാണുന്ന സമയത്ത് കേരളത്തിലെ വിഷയങ്ങളും ചർച്ചയാകാനുള്ള സാധ്യത കൂടുതലാണ്.
കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ മല്ലികാർജുന ഖാർഗെയുടെ ഫസ്റ്റ് ചോയ്സ് രമേശ് ചെന്നിത്തല ആകാനാണ് സാധ്യത. കാരണം, കേരളത്തിലെ നേതാക്കളിൽ മല്ലികാർജുന ഖാർഗെയ്ക്ക് ഏറ്റവും കൂടുതൽ ബന്ധമുള്ളത് രമേശ് ചെന്നിത്തലയുമായിട്ടാണ്. അതുകൊണ്ടു തന്നെ ഇങ്ങനെ മൂന്ന് പേർ തമ്മിലുള്ള മത്സരം കടുക്കുകയും, ഒരു സമവായത്തിലേക്ക് കാര്യങ്ങൾ പോകണമെന്ന് പാർട്ടി തീരുമാനിക്കുകയും ചെയ്താലാണ് രമേശ് ചെന്നിത്തലയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. എന്തായാലും പാർട്ടി നിരീക്ഷകരെ അയച്ച് അവർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമാകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam