പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്.
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂർ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നത്. ഇവർ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സെക്യൂരിറ്റി തടഞ്ഞു. വന്നവരിൽ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു. കണക്കുകൾ എടുക്കുന്നതിനാൽ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. ഇതിൽ പ്രകോപനമായതോടെയാണ് ക്രൂര മർദനം ഉണ്ടായത്. സംഭവത്തിനുശേഷം രണ്ടു പ്രതികളും ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇരുവർക്കും എതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാണെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.
