
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ വി ഡി സതീശൻ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും കടുത്ത നിലപാടിലേക്ക് കടക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തിലെ നേതാക്കളും എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായുള്ള നിർണായക യോഗം തുടങ്ങിയതോടെയാണ് ഇരുപക്ഷവും കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ഹൈക്കമാൻഡ് പ്രതിനിധി കൂടിയായ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എം എൽ എമാരുടെ ഭൂരിപക്ഷ പിന്തുണയെന്ന ആയുധത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ ദില്ലി ചർച്ചയുടെ ക്ലൈമാക്സിൽ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനമല്ലാത്ത ഒറ്റ നിർദ്ദേശവും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് വി ഡി-ആർ സി പക്ഷങ്ങൾ. മുഖ്യമന്ത്രി സ്ഥാനം അല്ലാത്ത നിർദ്ദേശം അംഗീകരിക്കില്ലെന്ന് സതീശൻ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം പ്രതികൂലമെങ്കിൽ കടുത്ത നിലപാടിലേക്ക് ചെന്നിത്തലയും കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് അടുപ്പമുള്ളവരോട് ചെന്നിത്തല അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനത്തിലായി രംഗത്തുള്ള നേതാക്കളും എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും തമ്മിലുള്ള യോഗം ദില്ലിയിലെ ഖർഗെയുടെ വസതിയിൽ തുടങ്ങി. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധിയും ഖർഗെക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam