
തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ന് ആരംഭിക്കുന്ന മത്സരത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം 'മുഖ്യമന്ത്രി' എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ (KPSTA) രംഗത്തെത്തി. 'അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?' എന്നതടക്കമുള്ള ചോദ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ നിർബന്ധപൂർവ്വം രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു. അതേസമയം യു ഡി എഫ് കാലത്ത് തുടങ്ങിയ കാരുണ്യ പദ്ധതി ഉത്തരമാകുന്ന ചോദ്യങ്ങളുമുണ്ടെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് വിമർശനം തള്ളിക്കളഞ്ഞു
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പൂർണ്ണമായും സർക്കാരിനെ പുകഴ്ത്തുന്ന ചോദ്യാവലി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതിൽ നിന്നും സർക്കാർ പിന്മാറണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. എന്നാൽ കുട്ടികൾക്ക് ഭരണകാര്യങ്ങളെക്കുറിച്ച് അറിവ് നൽകാനാണ് ക്വിസ് സംഘടിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്ത്യയിൽ ആദ്യമായി അതിദാരിദ്രമുക്തമായ സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാരാണ്. 2025 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സാമൂഹ്യ സുരക്ഷാ പെൻഷൻ വീണ്ടും വർദ്ധിപ്പിച്ചു, നിലവിൽ അർഹരായ വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ എത്ര രൂപയാണ്. ഡിജിറ്റൽ വിടവ് നികത്താൻ മിതമായ നിരക്കിൽ അതിവേഗ ഇൻറർനെറ്റ് നൽകുക എന്നലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ പദ്ധതി ഏതാണ്. മുഖ്യമന്ത്രിയും സർക്കാർ വലിയ നേട്ടമായി അവകാശപ്പെടുന്ന കെ ഫോൺ അടക്കമുള്ള പദ്ധതികളും ഉത്തരങ്ങളായുള്ള ചോദ്യങ്ങളാണ് ക്വിസിൽ കൂടുതലും. പ്രാഥമികറൗണ്ടിൽ 30 ചോദ്യങ്ങളാണ് ഉള്ളത്. അധ്യയനവർഷ തീരാനിരിക്കെ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് എന്തിനാണെന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണം ചോദ്യം കണ്ടതോടെ ശരിയായെന്നാണ് കെ പി എസ് ടി എ അടക്കമുള്ള കോൺഗ്രസ് സംഘടനകൾ പറയുന്നത്. അതേസമയം യു ഡി എഫ് കാലത്ത് തുടങ്ങിയ കാരുണ്യ പദ്ധതി ഉത്തരമാകുന്ന ചോദ്യങ്ങളുമുണ്ടെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് വിമർശനം തള്ളിക്കളഞ്ഞു. ഇന്ന് മുതൽ 18 വരെ വിവിധ ക്ലാസുകളിലായാണ് ക്വിസ്. ഫൈനൽ റൗണ്ട് വിജയിക്കുള്ള സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷവുമാണ് സമ്മാനായി ലഭിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam