
തിരുവനന്തപുരം: പേരുവെളിപ്പെടുത്താൻ കഴിയാത്തവിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശൻ മാറിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്‌പോൺസർ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ നാണംകെടുത്തുകയാണെന്നും, സർക്കാർ നൽകിയ കാറുകൾ മാറ്റിവെച്ച് പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാനാണെന്ന വിചിത്രവാദവും മന്ത്രിമാരുടെ വിദേശയാത്രകളിലെ ദുരൂഹതകളും നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ രൂപമായി ചിത്രീകരിക്കുന്ന സതീശൻ സർക്കാരിന്റെ ഈ നാണംകെട്ട പ്രവർത്തികളിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.
പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു. ''മുതലാളി സേവയില്‍ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കു''കയാണ് മറ്റു മന്ത്രിമാര്‍. മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന കാറുകള്‍ ഷെഡ്ഡില്‍ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്നു. മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നിബന്ധനകള്‍ അവര്‍ പാലിച്ചോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു ഡി എഫിന്റെ ട്രേഡ് മാര്‍ക്ക് ആയിരിക്കുന്നു. പ്രശസ്തരാകാന്‍ തങ്ങള്‍ക്ക് സൗജന്യങ്ങള്‍ തരാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങള്‍ നെഹ്‌റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തില്‍ മുഖ്യമന്ത്രി വാദിക്കുമ്പോള്‍ ഗാന്ധി - നെഹ്‌റു പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. സതീശന്‍ സര്‍ക്കാരിന്റെ ഈ നാണംകെട്ട പ്രവര്‍ത്തികളെപ്പറ്റി ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളത്?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam