നവോത്ഥാനത്തിന്‍റെ പടനായകന്‍, ജാതിഭ്രാന്തിനെതിരെ പോരാടിയ വിപ്ലവകാരി, മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മയിൽ കേരളം

Published : Aug 28, 2025, 11:01 AM IST
ayyankali

Synopsis

കേരള നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജന്മദിനം ഇന്ന്. സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്

തിരുവനന്തപുരം: കേരളീയ സമൂഹത്തിൽ നവോത്ഥാനത്തിന്റെ ഇടിമുഴക്കം സൃഷ്‌ടിച്ച മഹാത്മാ അയ്യൻകാളിയുടെ 162 -ാം ജന്മദിനാഘോഷം സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്തുടനീളം വിപുലമായി നടക്കുന്നു. കേരളത്തിലെമ്പാടും വിവിധ അനുസ്മരണ പരിപാടികളാണ് നടക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരമടക്കമുള്ള ഐതിഹാസിക പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങൾ ആണ്. ജാതിഭ്രാന്തിനെതിരെ പോരാടിയ വിപ്ലവകാരിയുടെ സംഭവ ബഹുലമായ ജീവിതം നവോത്ഥാനത്തിന്‍റെ പടനായകന്‍ എന്ന വിശേഷണം അർഹിക്കുന്നതാണ്.

1893 ലാണ് അയ്യൻകാളിയുടെ ഐതിഹാസിക പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചത്. കീഴ് ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത് വെങ്ങാനൂരുകാരനായ അയ്യൻകാളി വില്ലുവണ്ടി വാങ്ങി, റോഡിലൂടെ സഞ്ചരിച്ചു. അവിടെ നിന്ന് പുറപ്പെട്ടത് കേരളത്തിന്‍റെ നവോത്ഥാനത്തിലേക്കുള്ള വെളിച്ചമായിരുന്നു. അയിത്തം കൽപ്പിച്ച കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതിനെതിരെയുള്ള അയ്യൻകാളിയുടെ പോരാട്ടമായിരുന്നു 1904 ൽ കേരളം കണ്ടത്. അയിത്തം കൽപ്പിച്ച കുട്ടികൾക്ക് വേണ്ടി 18 സെന്‍റ് സ്ഥലം വാങ്ങി അയ്യങ്കാളി കൂടിപ്പള്ളിക്കൂടം പണിതു. പക്ഷേ കലിപൂണ്ട സവർണ വർഗം വെറുതേയിരുന്നില്ല. സവർണക്കൂട്ടം അയ്യങ്കാളി തുടങ്ങിയ കൂടിപ്പള്ളിക്കൂടത്തിന് തീയിട്ടു. വീണ്ടുമിത് ആവർത്തിച്ചതോടെ അയ്യങ്കാളി കേരളത്തിലാദ്യമായി കാർഷിക സമരത്തിന് ആഹ്വാനം ചെയ്തു.

മൂന്ന് കൊല്ലത്തോളം സമരം നീണ്ടുപോയപ്പോൾ വിളവ് പൊന്തേണ്ട പാടങ്ങളിൽ കളകൾ പൊങ്ങി. സമരത്തിൽ ജന്മിത്വം വിറച്ചു. 1907 ൽ ആദ്യത്തെ സർക്കാർ ഉത്തരവ് വന്നു. അയിത്തം കൽപ്പിക്കപ്പെട്ടിരുന്ന കുട്ടികൾക്ക് സ്കൂൾ പ്രവേശനം ഉറപ്പ് നൽകി. എന്നാൽ ജന്മിത്വം ഉത്തരവ് ലംഘിച്ചു. ഇതേത്തുടർന്നാണ് ജനങ്ങൾക്ക് സംഘടിച്ച് ശക്തരാകാനായി അയ്യങ്കാളി സാധുജന പരിപാല സംഘം രൂപീകരിച്ചത്. 1914 ൽ മൂന്നാമത്തെ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. അയിത്തം കൽപ്പിക്കപ്പെട്ടിരുന്ന കുട്ടികൾക്ക് സ്കൂൾ പ്രവേശനം ഉറപ്പ് നൽകിയുള്ള ഉത്തരവിന്റെ പകർപ്പുമായി വെള്ളൂർക്കോണത്തെ പരമേശ്വരന്റെ മക്കളായ പഞ്ചമിയേയും, കൊച്ചുകുട്ടിയേയും കൂട്ടി ഊരൂട്ടമ്പലത്തെ സ്കൂളിലേക്ക് അയ്യങ്കാളി പുറപ്പെട്ടു. അധികൃതർ പ്രവേശനം നൽകിയില്ല, അയ്യങ്കാളി പഞ്ചമിയുടെ കൈപിടിച്ച് ബഞ്ചിൽ കൊണ്ടുചെന്നിരുത്തി. പിന്നീട് നടന്നത് ചരിത്രത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത മർദ്ദനങ്ങൾ. അയ്യങ്കാളിയെ മർദിച്ചു, പഞ്ചമിയെ ക്രൂരമായി ആക്രമിച്ചു. അന്ന് രാത്രി പഞ്ചമി കയറിയ ഊരൂട്ടമ്പലത്തെ വിദ്യാലയത്തിന് തീയിട്ടു. പക്ഷേ ആ തീ പിന്നീട് ആളിക്കത്തിയത് കേരളത്തിന്‍റെ നവോത്ഥാന പാതയിലേക്കുള്ള വെളിച്ചമായാണ്.

സവർണ്ണ ബോധം തോന്നുന്നവർക്കെല്ലാം ഓർമ്മപ്പെടുത്തലായി, അയ്യങ്കാളി പഞ്ചമിയെ ഇരുത്തിയ ബഞ്ച് അവിടെയുണ്ട്. ആ വിദ്യാലയത്തിന്റെ ഇന്നത്തെ പേര് പഞ്ചമി സ്മാരക ഗവ. യു പി സ്കൂൾ എന്നതും ചരിത്രം. ഊരൂട്ടമ്പലത്തെ പഞ്ചമിയുടെ പ്രവേശനത്തെത്തുടർന്നുണ്ടായ കലാപം നാടാകെ പടർന്നു. കൊല്ലം പെരിനാട്ടിൽ അഗ്നിക്കിരയായത് അനവധി പട്ടിണിപ്പാവങ്ങളുടെ വീടുകളായിരുന്നു. സമാധാന സമ്മേളനം അയ്യങ്കാളി വിളിച്ചു ചേർത്തു, പുലയ സ്ത്രീകളെ വിളിച്ചുവരുത്തി, കീഴ്ജാതിക്കാരുടെ അടയാളമായിരുന്നു കല്ലുമാല, പിച്ചാത്തിക്കൊണ്ട് അറുത്തെറിയിപ്പിച്ചു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ചരിത്രത്തിലെ മോശം പ്രവണതകൾക്ക് തീയ്യിട്ട നവോത്ഥാന നായകൻ 1941 ജൂൺ 18 നാണ് ഐതിഹാസിക ജീവിതത്തോട് വിടപറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും