സി എഫ് തോമസ് കേരളാ കോൺഗ്രസ് ചെയർമാനെന്ന് ജോസഫ്; ഭരണഘടന പഠിക്കൂവെന്ന് ജോസ് കെ മാണി

By Web TeamFirst Published Jul 6, 2019, 11:48 PM IST
Highlights

പാർട്ടി രണ്ടായി പിളർന്നതിന് ശേഷം പി ജെ ജോസഫിന്‍റെ നേതൃത്വത്തിൽ ആദ്യമായി ചേർന്ന നേതൃയോഗമാണ് പുതിയ ചെയർമാനെ പ്രഖ്യാപിച്ചത്.

കോട്ടയം: സി എഫ് തോമസ് കേരള കോൺഗ്രസ്‌ എമ്മിന്‍റെ പുതിയ ചെയർമാൻ ആകുമെന്ന് പി ജെ ജോസഫ്. കോടതിയിൽ നിലനിൽക്കുന്ന കേസിനു ശേഷം പാർട്ടി ചെയർമാനായി സി എഫ് തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി, ജോസഫ് വിഭാഗം ആദ്യം കേരള കോൺഗ്രസിന്‍റെ ഭരണഘടന എന്താണെന്ന് നേതാക്കന്മാർ പഠിക്കട്ടെ എന്നാണ് പ്രതികരിച്ചത്.

പാർട്ടി രണ്ടായി പിളർന്നതിന് ശേഷം പി ജെ ജോസഫിന്‍റെ നേതൃത്വത്തിൽ ആദ്യമായി ചേർന്ന നേതൃയോഗമാണ് പുതിയ ചെയർമാനെ പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് എമ്മിന്‍റെ ഔദ്യോഗിക യോഗമാണ് കൊച്ചിയിൽ ചേർന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു. 

തെറ്റ് തിരുത്തി വന്നാൽ ജോസ് കെ മാണിയുമായി സഹകരിക്കാൻ തയ്യാറാണെന്നും പി ജെ ജോസഫ് അറിയിച്ചു.എന്നാൽ യഥാർത്ഥ കേരള കോൺഗ്രസ് എം ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കെ എം മാണിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലായിൽ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും പി ജെ ജോസഫ് കൊച്ചിയിൽ അറിയിച്ചു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയാണ് സ്ഥാനാ‍ർത്ഥിയെങ്കിലും പിന്തുണയ്ക്കുമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്. ഉപതെരഞ്ഞെടുപ്പിന് മുമ്പെങ്കിലും കേരളാ കോൺഗ്രസിലെ പിളർപ്പിൽ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയാണ് യുഡിഎഫിന്. 

click me!