
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് കണക്ക് കുതിച്ചുയർന്ന ദിനമാണിന്ന്. പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിലെത്തി. 17336 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര , കേരളം, ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടിയതാണ് ഈ വർധനയ്ക്ക് കാരണം.
കൊവിഡിനെതിരായ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവിയ അറിയിച്ചു. രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണം.വ്യാപനത്തിന് കാരണമായ വകഭേദം കണ്ടെത്താൻ ജനിതക ശ്രേണീകരണം ഊർജ്ജിതമാക്കാനും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.