
തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ' ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ ഡെസ്‌കുകൾ പ്രവർത്തിക്കുക.
പ്രവാസി സമൂഹത്തിൽ നിന്നുള്ള പിന്തുണ കേവലം പണമയയ്ക്കലിൽ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളർച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ ഡെസ്‌കുകൾ വഴി ലഭ്യമാകുന്ന നിക്ഷേപ താൽപ്പര്യങ്ങൾ KSIDC-യുടെ 'ഇൻവെസ്റ്റ് കേരള സെൽ' വഴി സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ വേഗത്തിൽ യാഥാർഥ്യമാക്കും. പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ നീക്കം സഹായിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam