പുകവലിയില്‍ തുടക്കം, പിന്നെ മാരക ലഹരിയിലേക്ക്; കൗമാരക്കാരുടെ ഇഷ്ട ലഹരി കഞ്ചാവ്- സര്‍വേ റിപ്പോര്‍ട്ട്

By Web TeamFirst Published Jan 29, 2023, 1:29 AM IST
Highlights

ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവർ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവർ 16.33%വുമാണ്. 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർത്ഥം ലഭിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് ഇവരില്‍ കൂടുതല്‍ പേരും കഞ്ചാവിലേക്ക് എത്തുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, ഡീ അഡിക്ഷൻ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസ്സില്‍ താഴെയുള്ള 600 പേരിലാണ് പഠനം നടത്തിയത്. 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്.

75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവർ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവർ 16.33%വുമാണ്. 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് ലഹരി ആദ്യമായി ലഭിച്ചവർ 5%മാണ്. 70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്.

15-19 വയസിനിടയിൽ തുടങ്ങിയവർ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% പേർ ലഹരി ഉപയോഗം ആരംഭിച്ചത്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേർ ലഹരി ഉപയോഗിക്കുന്നു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സര്‍വേ റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

Read More : ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, 4 ലക്ഷം രൂപ കവര്‍ന്നു; സംഭവം വയനാട്ടില്‍

tags
click me!