വീടിനടുത്ത് തന്നെ പ്രൊഫഷണൽ ആംബിയൻസ്; കേരളത്തിലെ ആദ്യ 'വർക്ക് നിയർ ഹോം' കേന്ദ്രം ആലങ്ങാട് പ്രവർത്തനം തുടങ്ങി

Published : Nov 03, 2025, 11:10 AM IST
Work Near Home center Kerala

Synopsis

ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാർക്കും, ഫ്രീ ലാൻസ് പ്രൊഫഷണലുകൾക്കും ദീർഘദൂര യാത്ര ഒഴിവാക്കി വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്

കൊച്ചി: കേരളത്തിലെ ആദ്യത്തെ 'വർക്ക് നിയർ ഹോം' കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. മന്ത്രി കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'സ്കില്ലിംഗ് കളമശ്ശേരി യൂത്ത്' (സ്കൈ) പദ്ധതിയുടെ ഭാഗമായാണ് വർക്ക് നിയർ ഹോം യാഥാർഥ്യമായത്. വർക്ക് ഫ്രം ഹോം ആയോ ഫ്രീലാൻസ് ആയോ പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സഹായകരമാകുന്ന വിധത്തിൽ വീടിനടുത്ത് തന്നെ പ്രൊഫഷണൽ ആംബിയൻസ്, ലാപ്‌ടോപ്പ്, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരു കെട്ടിടത്തിനുള്ളിൽ ഒരുക്കി സമാധാനപരമായ തൊഴിൽ സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് വർക്ക് നിയർ ഹോം.

ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാർക്കും, ഫ്രീ ലാൻസ് പ്രൊഫഷണലുകൾക്കും മറ്റ് വൈജ്ഞാനിക തൊഴിലാളികൾക്കും ദീർഘദൂര യാത്ര ഒഴിവാക്കി വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണലുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക തലത്തിൽ നൂതനമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ ഇതുപോലെയുള്ള സംരഭങ്ങൾക്ക് സാധിക്കുമെന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് പറഞ്ഞു.

വർക്ക് നിയർ ഹോം വ്യാപിപ്പിക്കാൻ സർക്കാർ

അത്യാധുനിക സൗകര്യങ്ങൾ, അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലിസ്ഥലം, കഫറ്റീരിയ, സി.സി.ടി.വി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ യുവജനങ്ങൾക്കാണ് ഈ കേന്ദ്രത്തിന്‍റെ പ്രയോജനം ലഭിക്കുക.

വർക്ക് നിയർ ഹോം സൗകര്യത്തോടൊപ്പം തൊഴിൽ വിപണിയിലെ ആവശ്യമനുസരിച്ചുള്ള പരിശീലനം നൽകി യുവജനങ്ങളെ തൊഴിലിന് പ്രാപ്തരാക്കുന്ന സ്കിൽ ഡെവലപ്‌മെന്‍റ് സെന്‍ററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ, വനിതകൾക്കായി ടാലി വിത്ത് റിയൽ ജി.എസ്.ടി , ഫോട്ടോഷോപ്പ്, കമ്പ്യൂട്ടർ, ഡി.ടി.പി തുടങ്ങിയ കോഴ്സുകളും നടന്നു വരുന്നുണ്ട്. ഇതിനുപുറമേ, സംസ്ഥാന സർക്കാരിന്‍റെ അംഗീകാരമുള്ള ഏജൻസികളുമായി സഹകരിച്ച്, സ്ത്രീ-പുരുഷ ഭേദമന്യേ ബ്ലോക്ക് പഞ്ചായത്തിലെ യുവജനങ്ങൾക്കായി കൂടുതൽ പുതിയ കോഴ്സുകൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അടുത്ത ഘട്ടമായി കരുമാലൂർ പഞ്ചായത്തിലെ ട്രൈബ് മേഖലയിലെ തൊഴിലാളികൾക്കായി വർക്ക് നിയർ ഹോം സംവിധാനം വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം