അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം, പ്രളയ ഭീതിയിൽ 4 ജില്ലകൾ, റാന്നിയിൽ അതീവ ഗുരുതരാവസ്ഥ; വിവിധ ജില്ലകളിലായി ഏഴ് മരണം, റെഡ് അലർട്ട്

Published : Aug 01, 2026, 04:53 PM IST
kerala rain

Synopsis

അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ പ്രളയസമാനമായ സാഹചര്യം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി, സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരിച്ചു. ഒമ്പത് ജില്ലകളിലും ആറ് ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയിൽ കനത്ത വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരണപ്പെട്ടു.

7 ജിവൻ നഷ്ടം

കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി വീട് ഇടിഞ്ഞു വീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർക്കും ജീവൻ നഷ്ടമായി. മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് അബ്ദുൽ മുഹൈനി (3), ആദം അയ്മൻ (4) എന്നീ രണ്ടു കുട്ടികളും മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നി എന്നയാളും കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി.

റെഡ് അലർട്ട്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയിൽ ഡാമുകളിൽ അതിവേഗം ജലനിരപ്പുയരുന്നതും ഭീഷണിയാണ്. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, തിരുവനന്തപുരം നെയ്യാർ, പാലക്കാട് മംഗലം എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. പമ്പ, മണിമല നദികളിൽ അപായകരമായ വിധത്തിൽ ജലനിരപ്പ് ഉയരുകയാണ്. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിൽ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; 2 പേർക്ക് പരിക്ക്
3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം'