കെപിസിസി ആയിരം വീടുകൾ നിർമ്മിക്കില്ല, 500 വീടെങ്കിലും പൂർത്തീകരിക്കാൻ ശ്രമം: മുല്ലപ്പള്ളി

By Web TeamFirst Published Jul 3, 2019, 8:01 PM IST
Highlights

ആയിരം വീടുകൾ നിർമ്മിക്കുമെന്ന് മുൻ പ്രസിഡന്റ് പ്രഖ്യാപിച്ചത് ആത്മാർത്ഥ കൊണ്ടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തെ അടിമുടി ഉലച്ചുകളഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരം കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകുന്നു. ആയിരം വീടുണ്ടാക്കാൻ സാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

"ആയിരം വീട് ഉണ്ടാക്കാനാകുമോയെന്ന് ആശങ്കയുണ്ട്. അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് കെ പി സി സി യുടെ ശ്രമം. മുൻ പ്രസിഡണ്ട് ആത്മാർത്ഥത കൊണ്ടാണ് ആയിരം വീടെന്ന് പ്രഖ്യാപിച്ചത്," മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച്‌ നല്‍കാനാണ് കഴിഞ്ഞ വർഷം കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. ഇക്കാര്യം അന്നത്തെ പ്രസിഡന്‍റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ്. വീടുകളുടെ നിര്‍മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കാനായിരുന്നു തീരുമാനം.
 

click me!