Asianet News MalayalamAsianet News Malayalam

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും, കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി

തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്, 
 

government is leaving silver line project
Author
First Published Nov 19, 2022, 3:09 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി  നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും. 2020 ജൂണിൽ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്. 

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കീഴ്വഴക്കം മറ്റൊന്നാണെങ്കിലലും ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങളെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios