കൊവിഡ് മൂലം ഖജനാവിൽ കാശില്ല, എന്നിട്ടും ഹെലികോപ്റ്ററിന് ഒന്നരക്കോടി നൽകി സർക്കാർ

By Web TeamFirst Published Apr 1, 2020, 10:16 AM IST
Highlights

ഒന്നരക്കോടി രൂപയാണ് കമ്പനിക്ക് ഇന്നലെ അഡ്വാൻസായി പവൻ ഹൻസ് എന്ന ഹെലികോപ്റ്റർ കമ്പനിക്ക് ഇന്നലെ സർക്കാർ ട്രഷറിയിൽ നിന്ന് കൈമാറിയത്. കൊവിഡ് പശ്ചാത്തലത്തിൽ പല ചെലവുകളും വെട്ടിച്ചുരുക്കുന്നതിന് ഇടയിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 

തിരുവനന്തപുരം: കൊവിഡ് മൂലം ഖജനാവിൽ കാശില്ല, പല ചെലവുകളും സർക്കാർ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. സാലറി ചാലഞ്ചുൾപ്പടെ, ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാൻ സർക്കാർ ജീവനക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും തേടുകയാണ് കേരളം. ഇതിനിടെ, ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ. പവൻ ഹൻസ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ഒന്നരക്കോടി ട്രഷറിയിൽ നിന്ന് ഇന്നലെ അഡ്വാൻസായി നൽകിയത് ഒന്നരക്കോടി രൂപയാണ്. 

ഹെലികോപ്റ്റർ വാടകയുടെ അഡ്വാൻസായാണ് സാമ്പത്തിക വർഷം അവസാനിക്കുന്ന ഇന്നലെ ഒന്നരക്കോടി രൂപ കൈമാറിയത്. പൊലീസ് അക്കൗണ്ടിൽ നിന്ന് നേരത്തേ കമ്പനിക്ക് പണം നൽകാൻ നേരത്തേ ഉത്തരവായിരുന്നു. പ്രളയകാലത്തിന് ശേഷവും സംസ്ഥാനഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്താണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിക്കുന്നത്. അത് വലിയ രാഷ്ട്രീയ വിവാദമായിരുന്നതാണ്. മുണ്ടു മുറുക്കിയുടുക്കുന്നതിനിടെ, അനാവശ്യ ധൂർത്ത് നടത്തുകയാണ് സർക്കാർ എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ഇതോടൊപ്പം ഉയർന്ന തുകക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നുവെന്ന വിവാദങ്ങളും ഇതോടൊപ്പം ഉയർന്നിരുന്നു. ഛത്തീസ്ഗഢിന് ലക്ഷങ്ങൾ മാത്രം ചെലവിൽ പവൻഹൻസ് ഹെലികോപ്റ്ററുകൾ നൽകുമ്പോൾ, കേരളത്തിന് മാത്രം കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സർക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട്  പോകുന്നത്. 

20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ദില്ലി ആസ്ഥാനമായ പവൻ ഹൻസിന്‍റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സർക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സർക്കാർ പവൻ ഹൻസുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിതത്വത്തിലായിരുന്നു. 

ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നായിരുന്നു പവൻ ഹൻസിന്‍റെ ആവശ്യം. ഇതേ തുടർന്നാണ് ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും 1,70,63,000 രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ കരാർ ഒപ്പിടാനാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അതിവേഗത്തിലാണ് ഹെലികോപ്ടര്‍ പദ്ധതിക്കുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റർ വാടകക്കെടുക്കാൻ കേന്ദ്ര സർക്കാർ പണം നൽകുമെന്നായിരുന്നു പൊലീസിന്‍റെ മുമ്പുള്ള വാദം. എന്നാൽ, ഹെലികോപ്റ്ററിന് സംസ്ഥാന സർക്കാർ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടി പൊളിയുകയാണ്.

Read more at: 'ഹെലികോപ്റ്റര്‍ വാടക'യില്‍ ദുരൂഹതയേറുന്നു; ഛത്തീസ്‍ഗഡിന് ലക്ഷങ്ങള്‍ മാത്രം, കേരളത്തിന് കോടിയിലധികം!

click me!