തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അമിത തുകയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഛത്തീസ്‍ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുക്കുന്നതെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.  ഛത്തീസ്‍ഗഡ് സര്‍ക്കാരിന് വിമാനക്കമ്പനി നല്കിയ വാടകബില്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Read Also: ഹെലികോപ്റ്റർ പാഴ് ചെലവ്, മൂന്നര വർഷം 1000 കോടി ധൂർത്തടിച്ചു, ആഞ്ഞടിച്ച് പ്രതിപക്ഷം

നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്‍ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്റ്റര്‍ നല്‍കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. ഇതേ സേവനം കേരളത്തിനാകുമ്പോള്‍ 20 മണിക്കൂറിന് പവന്‍ഹാന്‍സ് കമ്പനി ഈടാക്കുന്നത് ഒരുകോടി 44 ലക്ഷം രൂപയാണ്. അമിത വാടക കൊടുത്ത് ഹെലികോപ്റ്റര്‍ എടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയേറെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. 

Read Also: ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ...'; മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള പൊലീസാണ് പവന്‍ഹാന്‍സ് വിമാനക്കമ്പനിയുമായി കരാറിലെത്തിയത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സംസ്ഥാനസര്‍ക്കാര്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചത്. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്, സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തിയ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നും പരാതിയിലുണ്ട്.

Read Also: ഹെലികോപ്റ്റർ വാടക കരാറിൽ ദുരൂഹത; രമൺ ശ്രീവാസ്തവക്കെതിരെ പിണറായിക്ക് കത്ത്