അതിര്‍ത്തി അടയ്ക്കല്‍ കര്‍ണാടകത്തിന്‍റ രാഷ്ട്രീയ നാടകമെന്ന് ഉണ്ണിത്താന്‍

By Web TeamFirst Published Apr 1, 2020, 9:55 AM IST
Highlights

കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ കാസര്‍കോടുള്ള വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ വലയുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ രണ്ടുപേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. 

കാസര്‍കോട്: കര്‍ണാടകം അതിര്‍ത്തി തുറക്കാത്തതില്‍ രാഷ്ട്രീയമെന്ന് കാസര്‍കോട് എംപി രാജ്‍മോഹന്‍ ഉണ്ണിത്താന്‍ . കര്‍ണാടകത്തിലെ ബിജെപി നേതാക്കളുടെ സങ്കുചിത രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നായിരുന്നു എംപിയുടെ വിമര്‍ശനം.  മംഗലാപുരത്തേക്കുള്ള ആംബുലന്‍സുകള്‍ തടയുന്നത് മനുഷ്യാവകാശ ലംഘനമെന്നും എം പി കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയ്ക്കപ്പുറം പരിപാടിയിലായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം. 

കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ കാസര്‍കോട് വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ വലയുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ രണ്ടുപേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയും മഞ്ചേശ്വരം സ്വദേശി ശേഖറുമാണ് ഇന്നലെ മരിച്ചത്. ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. 

മഞ്ചേശ്വത്തെ താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‍സുമാരും ഇല്ലെന്നും എംപി അറിയിച്ചു. വെന്‍റിലേറ്റര്‍ വാങ്ങാനും മറ്റ് ഉപകരണങ്ങള്‍ വാങ്ങാനും ഒരുകോടി അഞ്ചുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അടിയന്തരമായി മഞ്ചേശ്വരത്തെ ആശുപത്രിയില്‍ ഡയാലിസസ് യൂണിറ്റും ക്യാന്‍സര്‍ സെന്‍ററും തുടങ്ങണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

കര്‍ണാടകം അതിര്‍ത്തി അടച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

click me!