പണി പാളി പൊതുഭരണ വകുപ്പ്; സിഎക്കാരനെ ചീഫ് സെക്രട്ടറിയാക്കി സർക്കാർ ഉത്തരവ്! അതിവേഗം തിരുത്തി തലയൂരി

Published : Jul 08, 2026, 09:41 AM ISTUpdated : Jul 08, 2026, 09:44 AM IST
order mistake

Synopsis

.ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് പിന്നാലെ തിരുത്തി പുതിയ ഉത്തരവിറക്കി.

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്. പിന്നാലെ അതിവേഗം തിരുത്തി തലയൂരി പൊതു ഭരണ വകുപ്പ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സി എയുടെ നിയമന ഉത്തരവിലാണ് ഗുരുതരമായ വാചകപ്പിശക് ഉണ്ടായത്. നിയമിച്ചത് ചീഫ് സെക്രട്ടറിയായെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് പിന്നാലെ തിരുത്തി പുതിയ ഉത്തരവിറക്കി.

​ഉത്തരവിലെ 'ട്വിസ്റ്റ്' ഇങ്ങനെ

പൊതുഭരണ (സർവീസ്-ഇ) വകുപ്പ് ജൂൺ 30-ന് പുറത്തിറക്കിയ സ.ഉ.(സാധാ) നം.3262/2026/GAD ഉത്തരവിലാണ് ഈ വിചിത്രമായ അബദ്ധം സംഭവിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് 1 സി.എ ആയ പ്രദീപ് കുമാറിനെ സ്ഥലംമാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഉത്തരവ് ടൈപ്പ് ചെയ്തപ്പോൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ 'തസ്തികയിലെ ഒഴിവിൽ' എന്ന് എഴുതുന്നതിന് പകരം "ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ സ്ഥലംമാറ്റി നിയമിക്കുന്നു" എന്നാണ് രേഖപ്പെടുത്തിയത്. ​"ഭരണഭാഷ-മാതൃഭാഷ" എന്ന തലക്കെട്ടോടെ ഇറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് മലയാള ഭാഷാ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നത് കൗതുകമുണർത്തുന്നു.

​ഉടൻ തിരുത്തി, എങ്കിലും ട്രോൾ മഴ!

ഡെപ്യൂട്ടി സെക്രട്ടറി ഒപ്പുവെച്ച് പുറത്തിറങ്ങിയ ഈ ഉത്തരവ് മിനിറ്റുകൾക്കകം തന്നെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായി. അർത്ഥം മാറി മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി തന്നെ തിരുത്തൽ ഉത്തരവ് (Errata) ഇറക്കി തടിയൂരി. എങ്കിലും ഉത്തരവിന്റെ സ്‌ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. തിടുക്കത്തിൽ ഉത്തരവുകൾ തയാറാക്കുമ്പോൾ ഉദ്യോഗസ്ഥർ പുലർത്തേണ്ട ജാഗ്രതക്കുറവാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അത് കുറുപ്പ് തന്നെ'; നെഞ്ചുവേദനയായി അന്ന് ആശുപത്രിയിലെത്തി; പുതിയ വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി; 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു