
തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ഇന്ന് ചേര്‍ന്നിരുന്നു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍
മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റര്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പുലര്‍ത്തണം.
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam