
തിരുവനന്തപുരം: പുതിയ പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. യുപിഎസ്‌സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നിയമോപദേശം തേടിയത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.
പൊലീസ് മേധാവി നിയമനത്തിന് നിതിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡിജിപിമാരുടെ ചുരുക്കപ്പട്ടിയാണ് യുപിഎസ് സി തയ്യറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ മൂന്നു പേരെയും സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സര്‍ക്കാരിന് താല്‍പര്യമില്ല. ആദ്യ രണ്ടു പേരുകാരും ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. സംസ്ഥാനത്ത് കൂടുതൽ കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയാക്കാനാണ് താൽപര്യമെന്ന് യുപിഎസ് സി യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.
കൂത്തുപറമ്പ് വെടിവയ്പ് നടന്ന സമയത്ത് എഎസ്‌പിയായിരുന്ന റാവഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിക്കുന്നതിൽ അണികള്‍ക്ക് എതിര്‍പ്പുണ്ടാകുമോയെന്ന് സിപിഎം നേതൃത്വത്തിൽ ആശങ്കയുണ്ട്. കെ എം എബ്രഹാമിന്‍റെ കേസിനെ ചൊല്ലി യോഗേഷ് ഗുപ്ത സര്‍ക്കാരിന് അനഭിമതനായി. ഈ സാഹചര്യത്തിലാണ് എജിയോടും സുപ്രീം കോടതിയിലെ അഭിഭാഷകരോടും സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവി സ്ഥാനത്ത് താത്കാലിക ചുമതലയിൽ കൊണ്ടു വരാമോയെന്നതിലാണ് ഉപദേശം ചോദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നൽകിയ പട്ടികയിലെ നാലാമൻ ഡിജിപി മനോജ് എബ്രഹാമാണ്. എഡിജിപിമാരെയും പരിഗണിക്കണമെന്ന് സമ്മര്‍ദ്ദം സര്‍ക്കാര്‍ ചെലുത്തിയത് എം ആര്‍ അജിത് കുമാറിന് വേണ്ടിയാണ്. ഈ മാസം 30ന് എം ആർ അജിത് കുമാർ ഡിജിപിയാകും. ഏഴ് സംസ്ഥാനങ്ങളിൽ ഇന്‍ ചാര്‍ജ്ജ് ഭരണമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മനോജ് എബ്രഹാമിനെയോ അജിത് കുമാറിനെയോ പൊലീസ് മേധാവി ചുമതലയിൽ കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.
ഉത്തർപ്രദേശിൽ 2022 മെയ് മുതൽ അഞ്ചു തവണയായി ആക്ടിങ് പൊലീസ് മേധാവിമാരാണ് ചുമതലയിലുള്ളത്. 2006 പ്രകാശ് സിങ് കേസിലാണ് പൊലീസ് മേധാവി നിയമനത്തിൽ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. യുപിഎസ്‌സി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് നിയമിക്കണമെന്നായിരുന്നു ഉത്തരവ്. പൊലീസ് മേധാവി നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കുകയായിരുന്നു സുപ്രീം കോടതി വിധിയുടെ ലക്ഷ്യം. ഇത് രാജ്യത്തെ ഫെഡറൽ ഭരണ തത്വത്തിന് എതിരെന്ന് വാദവുമായി കേരളമടക്കം ഹര്‍ജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു.