Nadar Reservation : നാടാർ സംവരണത്തിൽ പുതിയ ഉത്തരവിറക്കാനൊരുങ്ങി സർക്കാർ, നിലവിലെ ഉത്തരവ് പിൻവലിച്ചു

By Web TeamFirst Published Dec 2, 2021, 3:52 PM IST
Highlights

പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. നിലവിൽ ആനുകൂല്യം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

തിരുവനന്തപുരം : നാടാർ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി പുതിയ ഉത്തരവിറക്കാൻ സംസ്ഥാന സർക്കാർ. നിലവിലുള്ള ഉത്തരവ് സർക്കാർ  പിൻവലിച്ചു. ഭരണഘടനാവിരുദ്ധമെന്ന ഹർജിയെ തുടർന്ന് ഉത്തരവ് പിൻവലിക്കുന്നതായി എ ജി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. നിലവിൽ ആനുകൂല്യം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പ് മുൻപാണ് ഏറെ നാളുകളായുള്ള ക്രിസ്ത്യൻ നാടാർ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ഒബിസിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. ഏറെ പിന്തുണ നേടിയ ഈ ഉത്തരവ് നാടാർ ഭൂരിപക്ഷമേഖലയിൽ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു. പക്ഷെ അന്ന് തന്നെ ഉത്തരവിന്റെ ഭരണഘടനാസാധുത  പ്രതിപക്ഷം ഉൾപ്പടെ ചോദ്യം ചെയ്തിരുന്നു.  

ഉത്തരവിനെ ചോദ്യം ചെയ്ത് മോസ്റ്റ് ബാങ്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെ‍ഡറേഷൻ ജനറൽസെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ കോടതിയെ സമീപിച്ചു. എതെങ്കിലും ഒരു മതവിഭാഗത്തിന് സംവരണം നൽകാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന് കാണിച്ചായിരുന്നു ഹർജി. തുടർന്ന്  ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇതിനിടെ  എതെങ്കിലും മതവിഭാഗത്തെ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ബിൽ പാർലമെന്റ് പാസാക്കി. ഇതോടെയാണ് നിലവിലുള്ള ഉത്തരവ് പിൻവലിക്കുന്ന കാര്യം സർക്കാർ കോടതിയെ അറിയിച്ചത്. നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാൻ സ്വതന്ത്ര്യം നിലനിർത്തിയാണ് ഇതെന്നും സർക്കാർ കോടതിൽ വ്യക്തമാക്കി. പുതിയ നിയമപ്രകാരമുള്ള ഉത്തരവ് ഉടൻ ഇറക്കാനാണ് സർക്കാർ നീക്കം. ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടിയവരെ സംരക്ഷിച്ച് കൊണ്ടായിരിക്കും പുതിയ ഉത്തരവ്. 

click me!