
തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്ന് വിവരാവകാശ പ്രകാരം സര്‍ക്കാര്‍ മറുപടി നൽകി. വെള്ളക്കെട്ട് ഉണ്ടാകാത്ത പദ്ധതിയേ ആസൂത്രണം ചെയ്യാവൂയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുത്താണ് തീരുമാനം.
വിമാനത്താവളത്തിനുള്ള എല്ലാ ക്ലിയറന്‍സും എൽഡിഎഫ് സര്‍ക്കാര്‍ തന്നെ റദ്ദാക്കിയ സ്ഥലം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും നെൽകൃഷിയിറക്കിയ നിലം ഉള്‍പ്പെട്ട ഭൂമി. ഇവിടെയാണ് കെജിഎസ് ഗ്രൂപ്പ് TOFL എന്ന് പേര് മാറ്റി ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയുമായി എത്തിയത്. ഐടി വകുപ്പിന് കീഴിലെ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റിഡ് പങ്കാളി. അഞ്ച് ശതമാനം വിയര്‍പ്പ് ഓഹരിയും ഡയറക്ടര്‍ സ്ഥാനവും വാഗ്ദാനം ചെയ്തോടെ സംയുക്ത സംരഭത്തെ കെഎസ്ഐടിഐഎല്ലും അനുകൂലിച്ചു. പക്ഷേ നിലം നികത്തുന്നതിനെ കൃഷി വകുപ്പ് ശക്തമായി എതിര്‍ത്തു. നെൽവയൽ നിയമത്തിൽ ഇളവ് നൽകാനാവില്ല, കരയെന്ന് കമ്പനി അവകാശപ്പെടുന്ന സ്ഥലത്തെ നിര്‍മാണം പോലും നീരൊഴുക്ക് തടസ്സപ്പെടുത്തും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് വട്ടം ഫയൽ വന്നപ്പോഴും മന്ത്രി പി പ്രസാദ് എതിര്‍പ്പ് അറിയിച്ചു. റവന്യൂ വകുപ്പും പദ്ധതിയെ അനുകൂലിച്ചില്ല. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിൽ ടോഫൽ വീഴ്ച വരുത്തിയതോടെ കെഎസ്ഐടിഐഎല്ലും പദ്ധതിയില്‍ നിന്ന് പിന്മാറി. ഇതോടെ നീക്കം തടസ്സപ്പെട്ടു.
പദ്ധതിക്കായി അപേക്ഷിച്ച 122.52 ഹെക്ടര്‍ ഭൂമിയിൽ 21.6 ഹെക്ടര്‍ മാത്രമാണ് പുരയിടം. ബാക്കി 100.92 ഹെക്ടറും നിലമാണ്. വെള്ളക്കെട്ട് സാധ്യത കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നൽകി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്ന തരത്തിലുള്ള പദ്ധതി മാത്രമേ ആസൂത്രണം ചെയ്യാവൂവെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. പദ്ധതിക്കായി നിര്‍ദ്ദേശിച്ച കരഭൂമി നാല് വില്ലേജുകളിലായി ചിതറിക്കിടക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam