ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

By Web TeamFirst Published Sep 24, 2020, 10:17 PM IST
Highlights

റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരള ആരോഗ്യ വകുപ്പിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 

2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത ഏഴ് രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചതും വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. 

click me!