മുട്ടിൽ മരംമുറി കേസ്: പ്രതികളായ സഹോദരങ്ങളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

By Asianet MalayalamFirst Published Sep 28, 2021, 11:26 AM IST
Highlights

ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ  കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം

കൊച്ചി: മുട്ടിൽ മരം മുറിക്കേസിൽ (muttil case) പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ (augustin brothers) ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ,  ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് റജിസ്റ്റർ ചെയ്‌ത കേസിൽ ആണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ തെളിവുകൾ അതീവ ഗുരുതരമാണെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാവുമെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.  

ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ  കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. കൂടാതെ രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ  വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയിൽ ബാധിച്ചു. വില്ലേജ് അധികാരികളുമായി പ്രതികൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സർക്കാർ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. നേരത്തെ സുൽത്താൻ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 

click me!