മിന്നൽ ഹർത്താലിനെതിരെ വീണ്ടും ഹൈക്കോടതി

By Web TeamFirst Published Mar 6, 2019, 11:14 AM IST
Highlights

പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാൽ മറ്റുള്ളവരും അതിൽ ചേരണമെന്ന് നിർബന്ധിക്കുന്നതിലാണ് തെറ്റ്. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: ഹർത്താൽ ആർക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി. പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹർത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്.

അതേസമയം, കോടതിയലക്ഷ്യ കേസിൽ ഡീൻ കുര്യാക്കോസ് സമർപ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ എത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. കാസർകോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്‍റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്. കമറുദ്ദീൻ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. മരണം നടന്ന ദിവസം ശരത്ലാലിന്‍റേയും കൃപേഷിന്‍റേയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹർത്താലാണോ യുഡിഎഫിന്‍റേതെന്ന് കോടതി ചോദിച്ചു.

യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളിൽ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കിൽ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്‍റെ വാദം. ഹർത്താലിന് ആഹ്വാനം ഉണ്ടായിരുന്നില്ലെങ്കിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തുവെന്ന പത്രവാർത്തകൾ യുഡിഎഫ് എന്തുകൊണ്ട് നിഷേധിച്ചില്ലെന്നും കോടതി ചോദിച്ചു.

എല്ലാ മാധ്യമങ്ങളിലും യുഡിഎഫ് ഹർത്താൽ എന്ന് തന്നെയാണ് വന്നതെന്ന് സർക്കാരിന് വേണ്ടി അഡീഷണൽ എജി കോടതിയെ അറിയിച്ചു.  ഉത്തരവാദിത്തബോധമുള്ള ഒരു സംഘടനാ നേതാവ് ഹർത്താലിനെപ്പറ്റി അറിവില്ലെന്ന് പറയുന്നത് തെറ്റെന്നും സർക്കാർ വാദിച്ചു. കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും യുഡിഎഫ് ഹർത്താലിനെപ്പറ്റി പറഞ്ഞിരുന്നു എന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മിന്നൽ ഹർത്താലുകൾ നിരോധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെപ്പറ്റി അറിയില്ലെന്ന് പറയുന്നത് തെറ്റെന്ന് കോടതി പറഞ്ഞു. ഹർത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തുന്നതിൽ തെറ്റില്ല, അത് ജനാധിപത്യപരമായ അവകാശമാണ്. പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാൽ മറ്റുള്ളവരും അതിൽ ചേരണമെന്ന് നിർബന്ധിക്കാൻ പാടില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് തെറ്റെന്നും കോടതി പറഞ്ഞു.

പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. ആര് ഹർത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നൽ ഹർത്താൽ നടന്നു എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. ഡീൻ കുര്യാക്കോസിനെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ ഇല്ലായിരുന്നുവെന്നും എന്നാൽ ആ രീതിയിൽ മാധ്യമങ്ങളിൽ വന്നുവെന്നും കോടതി വിമർശിച്ചു.

click me!