ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാൻ സ്ഥിരം പരിശോധനാ സംവിധാനം വേണം, കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

By Web TeamFirst Published Feb 10, 2021, 8:42 PM IST
Highlights

'ക്യാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം. ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി വേണം'

കൊച്ചി: സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ ക്യാമ്പസ്‌ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. ക്യാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം. ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി വേണം. വിവിധ വകുപ്പുകളെ യോജിപ്പിച്ച് ബോധവൽക്കരണം നടത്തണം. മൂന്ന് മാസത്തിനകം നിർദ്ദേശം നടപ്പാക്കി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 

കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രൻ ഐപിഎസ് നൽകിയ പരാതിയിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ക്യാമ്പസിൽ ലഹരി ഉപയോഗം വർധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന സ്പെഷ്യൽ  ബ്രാ‌ഞ്ച് റിപ്പോർട്ട്  ആശങ്കയുണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം സജീവമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ 74.2 ശതമാനവും സ്കൂളുകളിലാണ്. 

ഹാഷിഷ്,  ഗ‌ഞ്ച, സിന്തറ്റിക് ഡ്രഗ്സ് അടക്കം വിദ്യാർത്ഥികൾ ഉപയോഗിക്കുന്നു. തിരുവന്തപുരത്തും കൊച്ചിയിലുമാണ് ലഹരി മരുന്ന് ഉപയോഗം കൂടുതൽ. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗം വളരെ കൂടിയതെന്നും നിരീക്ഷിച്ച ഹൈക്കോടതി വിതരണ ശൃംഗല കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി.

click me!