തെരുവുനായ ആക്രമണം അതിരൂക്ഷം; ഇടപെട്ട് ഹൈക്കോടതി, പ്രത്യേക സിറ്റിംഗ് ഇന്ന് 

By Web TeamFirst Published Sep 16, 2022, 7:11 AM IST
Highlights

തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി : സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവൽക്കരിക്കാൻ  സർക്കാർ മുൻകൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.  

അതേ സമയം, തെരുവുനായ ശല്യം രൂക്ഷമാണെങ്കിലും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി നിർദ്ദേശിച്ചു. നായ്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ച് ഡിജിപി സര്‍ക്കുലറും ഇറക്കി. 

വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷം: കുത്തിവയ്പ്- വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

തെരുവുനായ ആക്രമണം കൂടി വരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന കോടതി നിർദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍. 

നായ്ക്കളെ കൊല്ലുന്നതും മാരകമായി പരിക്കേൽപ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തു നായ്ക്കളെ വഴിയിലുപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പ് വരുത്തുകയും വേണം. 

നെടുങ്കണ്ടത്തിനു സമീപം മുറിവേറ്റ നിലയിൽ തെരുവുനായ 

ഇടുക്കി നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്ത്  മുറിവേറ്റ നിലയിൽ തെരുവുനായ കണ്ടെത്തി. ഒന്നര വയസ് പ്രായമുള്ള ആൺ നായക്കാണ് ഗുരുതരമായി പരുക്കേറ്റത്. നായയുടെ വയറിൻ്റെ ഒരു ഭാഗം മുതൽ പിൻകാലുകൾ വരെ ത്വക്ക്  അടർന്ന് മാറിയിട്ടുണ്ട്. തെരുവ് നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആരെങ്കിലും വെട്ടിപ്പരുക്കേൽപ്പിച്ചതാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ടൗണിലെ ഡ്രൈവർമാരും സമീപ വീടുകളിലെ ആളുകളുമായി സൗഹൃദം പുലർത്തിയിരുന്ന നായക്കാണ് പരുക്കേറ്റത്. ചികിത്സ നൽകാൻ കരുണാപുരം മൃഗാശുപത്രിയിലെ ഡോക്ടർ എത്തിയെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞില്ല.

click me!