എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു. 

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ സഹോദരന്‍റെ ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍റെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. പൊലീസിന്‍റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുൽത്താന പറഞ്ഞു.

ഉച്ചയോടെയാണ് കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷ സുൽത്താനയെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിയത്. ഇൻഫോപാർക്ക് പൊലീസിന്‍റെ സഹായത്തോടെയാണ് സംഘം ഫ്ലാറ്റിലെത്തിയത്. ഈ സമയം പുറത്തായിരുന്ന ഐഷയോട് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. മുമ്പ് ലക്ഷദ്വീപിൽ വിളിച്ച് വരുത്തി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ. 

ഐഷയുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നടത്തിയ ബയോവെപ്പൺ എന്ന പരാമർശമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ കാരണമായത്. കേസിൽ ഐഷക്ക് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.