
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.
ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണ പ്ലാൻ്റ് വിവാദം കത്തിനിൽക്കെയാണ് തീരുമാനം. ബെവ്കോ നിയന്ത്രണത്തിൽ ഉൽപ്പാദിപ്പിച്ച് വിൽക്കുന്ന ജവാൻ റം വില 640 രൂപയിൽ നിന്ന് 650 ആക്കി ഉയർത്തി. ബിയറുകൾക്ക് 20 രൂപ വരെ വില കൂടി. പ്രീമിയം ബ്രാൻ്റികൾക്ക് 130 രൂപ വരെ കൂടിയിട്ടുണ്ട്. എഥനോൾ വില കൂടിയതാണ് മദ്യ വില കൂടാൻ കാരണമായി പറയുന്നത്. ഇതേ എഥനോൾ ഉൽപ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോൾ ഉൽപ്പാദിപ്പിക്കാനായാൽ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam