
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. 28 സീറ്റുകളിൽ 13 എണ്ണത്തിലാണ് ഇരു മുന്നണികളും വിജയിച്ചത്. ശേഷിച്ച രണ്ട് സീറ്റുകൾ ബിജെപി നേടി.
കേരള കോൺഗ്രസ്സിലെ ജോസഫ് - ജോസ് പക്ഷങ്ങൾ ഏറ്റുമുട്ടിയ കോട്ടയം അകലകുന്നം പഞ്ചായത്തിൽ ജോസ് പക്ഷത്തിനാണ് ജയം. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ജോസഫ് പക്ഷ സ്ഥാനാർത്ഥിയെ ജോസ് വിഭാഗം തോല്പിച്ചു. എങ്കിലും ഈ സീറ്റ് മുന്നണിയിൽ തന്നെ തുടരും.
പാലായിലെയും വിവിധ കോടതികളിലെയും പോരിൽ, കനത്ത തിരിച്ചടി നേരിട്ട ജോസ് പക്ഷം, അകലകുന്നതിൽ ജോസഫിനെതിരെ ഗോളടിച്ച് ജയിച്ചുകയറി. ജോസഫ് വിഭാഗം സ്ഥാനാർത്ഥി ബിബിൻ തോമസിനെ ഫുട്ബോൾ ചിഹ്നത്തിൽ കളത്തിലിറങ്ങിയ ജോസ് പക്ഷത്തെ ജോർജ്ജ് മൈലാടി വീഴ്ത്തി. കേരളം തന്നെ ഉറ്റുനോക്കിയതാണ് ഈ വാർഡിലെ പോരാട്ടം. 63 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോർജ്ജ് മൈലാടി നേടിയത്.
സ്വതന്ത്രനായാണ് മൈലാടി മത്സരിച്ചത്. ഇരുപക്ഷത്തെയും പിണക്കാതെ വാർഡിലെ അനുഭാവികളോട് മനസാക്ഷി വോട്ട് ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെടുകയായിരുന്നു.
അകലകുന്നവും കൂട്ടിയാണ് യുഡിഎഫിന് 13 സീറ്റ്. കാസർകോട് മുനിസിപ്പാലിറ്റിയിൽ ഹൊണ്ണമൂല വാർഡ് ലീഗിൽ നിന്നും പിടിച്ചെടുത്തതടക്കം 13 ഇടത്താണ് എൽഡിഎഫ് ജയിച്ചത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടാണ് ജയത്തിൻറെ കാരണമെന്ന് ലീഗ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അഞ്ച് സീറ്റ് പിടിച്ചെടുത്തപ്പോൾ നാലെണ്ണം നഷ്ടപ്പെട്ടു. ഇടതുമുന്നണി മൂന്ന് സീറ്റ് പിടിച്ചപ്പോൾ അഞ്ചെണ്ണം നഷ്ടമായി. രണ്ട് സീറ്റ് പിടിച്ചെടുത്ത ബിജെപിക്ക് കൈയ്യിലുണ്ടായിരുന്ന രണ്ട് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam