'നാല് വോട്ടും കുറച്ച് സീറ്റുമല്ല, പ്രധാനം മതനിരപേക്ഷത', വെൽഫെയർ പാർട്ടിയെ തള്ളി പിണറായി

Published : Dec 16, 2020, 07:13 PM ISTUpdated : Dec 16, 2020, 07:18 PM IST
'നാല് വോട്ടും കുറച്ച് സീറ്റുമല്ല, പ്രധാനം മതനിരപേക്ഷത', വെൽഫെയർ പാർട്ടിയെ തള്ളി പിണറായി

Synopsis

''വർഗീയതയെ പുറത്ത് എതിർക്കുകയും ഉള്ളിൽ മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈകോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?''

തിരുവനന്തപുരം: 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ വെൽഫെയർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി രഹസ്യമായും തീവ്രവർഗീയപ്രസ്ഥാനമായ വെൽഫെയർ പാർട്ടിയുമായി പരസ്യമായും ധാരണയുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയെ എതിർക്കുകയും അതേസമയം മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈ കോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കുറച്ച് വോട്ടും നാല് സീറ്റുമല്ല പ്രധാനം. മതനിരപേക്ഷതയാണ് - എന്ന് മുഖ്യമന്ത്രി.

''ബിജെപിയുമായി രഹസ്യമായും തീവ്ര വർഗീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയുമായി പരസ്യമായി ധാരണയുണ്ടാക്കിയുമാണ് യുഡിഎഫ് മത്സരിച്ചത്. അപൂർവം ചിലയിടത്ത് ഇവർ ഒന്നിച്ച് സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യം അംഗീകരിക്കുന്നില്ല എന്ന് എത്ര തവണ കേട്ടു. ഈ സഖ്യം എഐസിസി അംഗീകരിക്കുന്നില്ലെന്ന് കെപിസിസി ഭാരവാഹി പരസ്യമായി പറയുന്നു. എന്നാൽ ഈ പറയുന്ന ആളുകൾ തന്നെ അതിന് വേണ്ടി വോട്ട് ചോദിക്കുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ സഖ്യം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു. അത് ജനത്തെ കബളിപ്പിക്കാനുള്ള വേല മാത്രമായിരുന്നു'', എന്ന് മുഖ്യമന്ത്രി.

''മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും കേരളം വേറിട്ട് നിൽക്കുന്നത് സാമൂഹിക സമാധാനം, മതമൈത്രി എന്നിവ കൊണ്ടാണ്. ജനത്തിന്‍റെ മതനിരപേക്ഷതാ ബോധമാണ് ഇതിന് ഇടയാക്കിയത്. ആ മതനിരപേക്ഷതയുടെ അടിത്തറ എത്ര വേഗം തകർക്കാമെന്നാണ് ഇവിടെ ചിലർ ശ്രമിക്കുന്നത്. മതനിരപേക്ഷ ചിന്താഗതിക്കാർ അതിനെ പ്രതിരോധിക്കണം'', എന്ന് മുഖ്യമന്ത്രി.

''ഒരേ സമയം ഇതിനെ എതിർക്കുകയും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളോട് കൈകോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കി. ഈ സഖ്യം ഉണ്ടാക്കുന്ന ആപത്ത് എന്തായിരിക്കുമെന്ന് കുറച്ച് ആലോചിക്കൂ. കുറച്ച് വോട്ടും നാല് സീറ്റുമല്ല പ്രധാനം. മതനിരപേക്ഷത നിലനിൽക്കലാണ്'', എന്ന് മുഖ്യമന്ത്രി പറയുന്നു. 

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കിയ മേഖലകളിൽ വൻനേട്ടം ഉണ്ടാക്കാനാകാതെ യുഡിഎഫ് നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം എന്നതും ശ്രദ്ധേയമാണ്. മിക്കയിടങ്ങളിലും മുഖം രക്ഷിക്കാൻ മാത്രമേ ഇത്തവണ യുഡിഎഫിനായുള്ളൂ. അവസാനനിമിഷം വരെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം അംഗീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറാകാതിരുന്നത് മുന്നണിയിൽ സർവത്ര ആശയക്കുഴപ്പമുണ്ടാക്കി. ഈ സാഹചര്യത്തിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ പിണറായി കൂടി ആയുധമാക്കുമ്പോൾ, ഇത് യുഡിഎഫിനുള്ളിൽ ചെറിയ പൊട്ടിത്തെറികളല്ല ഉണ്ടാക്കുക.

Read more at: വടക്ക് 'വെൽഫെയർ' ആകാതെ യുഡിഎഫ്, മുഖം രക്ഷിച്ചെന്ന് മാത്രം, മുക്കത്ത് ത്രിശങ്കു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി; 'സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളെന്ന് വിമർശനം'