കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കിയ മേഖലകളിൽ വൻനേട്ടം ഉണ്ടാക്കാനാകാതെ യുഡിഎഫ്. മിക്കയിടങ്ങളിലും മുഖം രക്ഷിക്കാൻ മാത്രമേ ഇത്തവണ യുഡിഎഫിനായുള്ളൂ. അവസാനനിമിഷം വരെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം അംഗീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറാകാതിരുന്നത് മുന്നണിയിൽ സർവത്ര ആശയക്കുഴപ്പമുണ്ടാക്കി. 

മുക്കം മുൻസിപ്പാലിറ്റിയിലാണ് വെൽഫെയർ പാർട്ടിയുടെയും യുഡിഎഫിന്‍റെയും 'സഖ്യപരീക്ഷണം' കാര്യമായി നടന്നതത്. വെൽഫെയർ പാർട്ടിയുമായി 2015-ൽ സഖ്യമുണ്ടാക്കിയപ്പോൾ എൽഡിഎഫിന് 22 സീറ്റ് കിട്ടിയ ഇടമാണ്. ഇത്തവണ അത് 15 സീറ്റായി കുറഞ്ഞു. എന്നാൽ യുഡിഎഫിന് ഭരണം കിട്ടിയതുമില്ല. ത്രിശങ്കുവിലാണ് മുക്കം നഗരസഭാ ഭരണമെങ്കിലും, ലീഗ് വിമതൻ കൈ തന്നേക്കും. ഭരണം കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മലപ്പുറത്തെ കൂട്ടിലങ്ങാടി പഞ്ചായത്തിലും വെൽഫെയർ സഖ്യം യുഡിഎഫിനെ തുണച്ചു.

മുക്കം മുൻസിപ്പാലിറ്റിയിൽ 2015-ൽ വെൽഫെയർ പാർട്ടിയും എൽഡിഎഫും ചേർന്നുള്ള സഖ്യത്തിന് കിട്ടിയത് 22 സീറ്റുകളാണ്. എന്നാൽ ഇത്തവണ എൽഡിഎഫിന്‍റെ സീറ്റുകൾ 15 ആയി കുറഞ്ഞു. വെൽഫെയർ പാ‍ർട്ടി കാര്യമായി തുണച്ചതും, എൽഡിഎഫ് മുക്കത്ത് വീടുവീടാന്തരം കയറി ചിട്ടയായ പ്രചാരണം നടത്തിയതുമാണ് 2015-ൽ ഇടതിനെത്തുണച്ചത്. എന്നാൽ ഇത്തവണ വെൽഫെയർ പാർട്ടി വലത്തോട്ട് ചരിഞ്ഞ‌പ്പോൾ അതൊരു നേട്ടമാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നത് വ്യക്തമാണ്.

വെൽഫെയർ - യുഡിഎഫ് സഖ്യത്തിന് ഇത്തവണ ലഭിച്ചത് 15 സീറ്റുകളാണ്. എൽഡിഎഫിന് ഒറ്റയ്ക്ക് 15 സീറ്റുകൾ കിട്ടി. ഇവിടെ ജയിച്ച ഒരു ലീഗ് വിമതൻ മുക്കത്ത് നഗരസഭയുടെ വിധി തീരുമാനിക്കും. കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്ററാണ് ലീഗ് വിമതൻ. 56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്. ലീഗ് വിമതൻ യുഡിഎഫിന് 'കൈ' കൊടുക്കുമെന്നുറപ്പായതിനാൽ ഭരണം കിട്ടുമെന്ന് യുഡിഎഫിന് തൽക്കാലം ആശ്വസിക്കാം. എന്നാൽ വെൽഫെയർ പാർട്ടി പോലെ മുക്കത്ത് കാര്യമായ സ്വാധീനമുള്ള ഒരു രാഷ്ട്രീയകക്ഷിയുമായി കൈകോർത്തിട്ടും അത് വോട്ടാകാതെ പോയതെങ്ങനെയെന്നതിൽ കാര്യമായ ആത്മപരിശോധന യുഡിഎഫ് നടത്തേണ്ടി വരും. 

മലപ്പുറത്തെ കൂട്ടിലങ്ങാടിയിലും സഖ്യം മുന്നേറ്റമുണ്ടാക്കി. ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമായ കോഴിക്കോട്ടെ കൊടിയത്തൂർ പഞ്ചായത്തിൽ യുഡിഎഫ് മുന്നിലെത്തി. എന്നാൽ വെൽഫയർ - യുഡിഎഫ് സഖ്യമുള്ള കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കുറ്റ്യാടി ഡിവിഷനിൽ വെൽഫയർ ബന്ധം യുഡിഎഫിനെ തുണച്ചില്ല. വെൽഫയർ ബന്ധത്തോട് വിയോജിപ്പുള്ള പരമ്പരാഗത വോട്ടർമാർ യുഡിഎഫിനെ കൈവിട്ടു. ഇവിടെ, സുന്നി, മുജാഹിദ് വോട്ടുകളിൽ അടിയൊഴുക്കുണ്ടായി എന്ന് വേണം വിലയിരുത്താൻ. ചുരുക്കിപ്പറഞ്ഞാൽ, പ്രധാനമുന്നണികളേക്കാൾ സഖ്യം കൊണ്ട് 2015-ലും 2020-ലും നേട്ടമുണ്ടായത് വെൽഫയർ പാർട്ടിക്ക് തന്നെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.