19 അമ്മമാർ, ഒൻപത് കുട്ടികൾ; ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് മക്കളുമായി ജീവനൊടുക്കിയ അമ്മമാർക്ക് പറയാനുള്ളത് ഗാർഹിക പീഡനത്തിൻ്റെ കഥകൾ

Published : Sep 18, 2025, 11:56 AM IST
Kerala Mothers Suicide cases

Synopsis

ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് മക്കളുമായി ജീവനൊടുക്കിയ അമ്മമാർ അനുഭവിച്ചത് ക്രൂരമായ ഗാർഹിക പീഡനം. അമ്മമാർ മക്കളെയും മരണത്തിലേക്ക് കൂട്ടിയപ്പോൾ നഷ്ടപ്പെട്ടത് ഒൻപത് കുട്ടികളുടെ ജീവൻ. ഭർത്താവ് ഭാര്യയെ തല്ലുന്നത് ശരിവെക്കുന്നു കേരളത്തിലെ സ്ത്രീകൾ പോലും

കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ ഉയരുന്നതോടെ കുട്ടികളുമായി അമ്മമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും സംസ്ഥാനത്ത് വർധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം ഗാർഹിക പീഡനം നേരിട്ട 19 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ പറക്കമുറ്റാത്ത ഒൻപതു മക്കളും ഇല്ലാതായി. വിദ്യാഭ്യാസ വികസന സൂചികയിൽ കേരളത്തിലെ സ്ത്രീകൾ നടത്തുന്ന മുന്നേറ്റം ഗാർഹിക അതിക്രമം തടയുന്നതിൽ ഘടകമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ ദേശീയ കുടുംബ ആരോഗ്യ സർവ്വേ റിപ്പോർട്ടും വ്യക്തമാക്കുന്നത്.

ജിസ്മോൾ, ഷൈനി, താര, റീമ, വിപഞ്ചിക….

കോട്ടയം മുത്തോലി പടിഞ്ഞാറ്റിൻകരയിൽ റോഡരികിൽ ഇപ്പോഴും കാണാം അഡ്വ.ജിസ്മോൾ തോമസ് എന്ന ബോർഡ്. ഹൈക്കോടതി അഭിഭാഷകയായിരുന്നു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാല, ഏറ്റുമാനൂർ, കോട്ടയം കോടതികളിൽ സജീവമായി പ്രാക്ടീസ് ചെയ്ത മിടുക്കിയായ വക്കീൽ. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൂന്ന് വയസ്സും ഒന്നര വയസ്സും പ്രായമുള്ള മക്കളുമായി അയർക്കുന്നത് ഭർത്താവിന്റെ വീടിനരികെ മീനച്ചിലാറ്റിൽ ചാടി ജിസ്മോൾ ജീവനൊടുക്കി. വീട്ട് മുറ്റത്തെ അഭിഭാഷക ബോർഡ് പോലും മാറ്റാനാകാതെ വെന്ത് നീറുകയാണ് ജിസ്മോളുടെ അച്ഛൻ തോമസ് ഇപ്പോഴും. എന്തിനും ഏതിനും കൂട്ടായി തനിക്കൊപ്പം നിന്ന മകൾ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുഞ്ഞുമക്കളുമായി ആ കടുംകൈ ചെയ്തത് എത്ര തകർന്ന് പോയിട്ടാകുമെന്ന് ഓർക്കുമ്പോൾ തോമസിന് നെഞ്ച് പൊള്ളുന്ന അനുഭവമാണ് ഇന്നും.

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ജിമ്മിയും, ജിമ്മിയുടെ അച്ഛനും അമ്മയും മൂത്ത സഹോദരിയുമാണ് പ്രതികൾ. ജിമ്മിയുടെ വീട്ടിൽ നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ തുടങ്ങിയ കുത്തുവാക്കുകളും ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും തുടർച്ചയായി ഏൽപിച്ച മാനസിക പീഡനവും മൂലം പ്രതികരിച്ചപ്പോൾ ശാരീരിക പീഡനത്തിലും കലാശിച്ചു. എന്നാൽ ഭർത്താവിന്റെ വീട്ടുകാരെ സംരക്ഷിക്കാനെന്നോണം പലപ്പോഴും ജിസ്മോൾ എല്ലാം മറച്ച് വെച്ചു. പ്രശ്നങ്ങളില്ലെന്ന് പലപ്പോഴും ചുറ്റുമുള്ളവരോട് പറഞ്ഞൊപ്പിച്ചു. ഉള്ളിലെല്ലാം സഹിച്ച് ഒതുക്കി വെച്ചതെല്ലാം ഒടുവിൽ മീനച്ചിലാറ്റിൽ അവസാനിച്ചു. കുടുംബം, സമൂഹം, മതം എന്ന് തുടങ്ങി ഒരു സ്ത്രീയുടെ ജീവിതം നിയന്ത്രിക്കാനുള്ള വ്യവസ്ഥിതിയുടെ കിടമത്സരം ജിസ്മോളുടെ സംസ്കാര ചടങ്ങിൽ വരെ നീണ്ടു.

ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണക്കാരൻ ഭർത്താവെന്ന് പരാതി പറഞ്ഞിട്ടും ഭർത്താവിന്റെ ഇടവക പള്ളിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യണമെന്ന് സഭാ നേതൃത്വം നിർബന്ധം പിടിച്ചു. ഒടുവിൽ മകൾ മരിച്ച ദുഖത്തിനിടയിലും രണ്ട് ദിവസം ക്‌നാനായ സഭാ നേതൃത്വത്തോട് തോമസിന് പോരടിക്കേണ്ടി വന്നു. ഒടുവിൽ ചെറുകരയിലെ സ്വന്തം ഇടവക പള്ളിയിൽ ജിസ്മോളെയും മക്കളെയും അടക്കം ചെയ്തു.

ഭർത്താവ് നോബി ലൂക്കോസിൽ നിന്നുള്ള മാനസിക പീഡനം ,ഒരു ജോലി നേടി പിടിച്ച് നിൽക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല, വിവാഹമോചനത്തിനും ഭർത്താവിന്റെ നിസ്സഹകരണം തടസമായി. പൊരുതി നിൽക്കാൻ ശ്രമിച്ചിട്ടും ഭർത്താവും സ്വന്തം കുടുംബവും വീണ്ടും വീണ്ടും തളർത്തി. അങ്ങനെയാണ് കോട്ടയം ഏറ്റുമാനൂരിൽ 43 വയസ്സുകാരിയായ ഷൈനി പതിനൊന്നും പത്തും വയസ്സുള്ള മക്കളുമൊത്ത് റെയിൽപാളത്തിൽ ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്ത് മാത്രമല്ല കൊല്ലം കരുനാഗപ്പള്ളിയിൽ താര, കണ്ണൂരിൽ റീമ, ഷാർജയിൽ വിപഞ്ചിക എന്നീ അമ്മമാരും മരണവഴിയിൽ മക്കളെയും ഇല്ലാതാക്കി സ്വയം മരിച്ചു.

സാക്ഷര കേരളത്തിൻ്റെ പൊതുബോധം

കേരളത്തിലെ രൂഢമൂലമായ പുരുഷാധിപത്യ സമീപനം, കുടുംബപ്രശ്നത്തിൽ സ്ത്രീ എല്ലാം സഹിക്കേണ്ടവളെന്ന ധാരണയിൽ സമൂഹ വിചാരണയും ഈ മരണങ്ങളെ എത്ര കണ്ട് സ്വാധീനിച്ചുവെന്ന ചോദ്യം ഉയർന്ന് നിൽക്കുന്നു.

സംസ്ഥാനത്ത് ഗാർഹിക പീഡന കേസുകൾ തടയിടാൻ സ്ത്രീകൾ നേടിയ ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട സാമൂഹിക സുരക്ഷ സൂചികകൾ, തൊഴിൽ, ശമ്പളം ഇതൊന്നും ഘടകമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ 2021ൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ദേശീയ കുടുംബ ആരോഗ്യ സർവേ ഫലവും വ്യക്തമാക്കുന്നത്. കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസം ഉള്ളവരെങ്കിലും സംസ്ഥാനത്തെ 52ശതമാനം സ്ത്രീകളും ഭർത്താവ് മർദ്ദിക്കുന്നതിനെ സ‍ർവ്വേയിൽ ന്യായീകരിച്ചു.

ഭാര്യയെ അടിക്കുന്നതിൽ തെറ്റില്ലെന്നാണ് കേരളത്തിലെ 63 ശതമാനം പുരുഷന്മാരുടെയും വിശ്വാസം.ഭ ർത്താവിന്റെ അച്ഛനമ്മാരോട് ബഹുമാനക്കുറവ് കാണിച്ചാൽ തന്നെ അടിക്കുന്നതൊരു തെറ്റല്ലെന്ന് 38 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചാൽ മർദ്ദിച്ചോളൂ എന്ന് 33 ശതമാനം സ്ത്രീകൾ. തന്റെ വീട്ടുകാരോട് ബഹുമാനക്കുറവെങ്കിൽ ഭാര്യയെ മർദ്ദിക്കുമെന്ന് 40 ശതമാനം പുരുഷന്മാരും പറഞ്ഞു. തന്നോട് അവിശ്വാസം കാണിക്കുന്നതായി തോന്നിയാൽ ഭാര്യയെ അടിക്കുമെന്ന് 47 ശതമാനം പുരുഷന്മാർ വ്യക്തമാക്കി. ഭർത്താവിനോടു തർക്കിച്ചാൽ അടി നിന്ന് കൊള്ളണമെന്ന് 20 ശതമാനം സ്ത്രീകളും ഉറപ്പിച്ചു പറയുന്നു. സംസ്ഥാനത്തെ 57 ശതമാനം സ്ത്രീകളും അവർ നേരിടുന്ന അതിക്രമത്തിൽ സഹായം തേടാനോ എന്തിന് മറ്റൊരാളോട് തുറന്ന് പറയാനോ തയ്യാറല്ല. 

കേസെടുക്കും, പക്ഷെ ശിക്ഷിക്കപ്പെടുന്നുണ്ടോ?

തൊഴിൽ ഇല്ലാത്തവരേക്കാൾ ജോലിയുള്ള സ്ത്രീകളാണ് ഗാർഹിക പീഡനം നേരിടുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ ദേശീയ ശരാശരി 25.3 ശതമാനമെങ്കിൽ സംസ്ഥാനത്ത് 10.3ശതമാനം മാത്രമാണ്. തുറന്നു പറയാനുള്ള ധൈര്യമില്ല, അതിജീവിക്കാനുള്ള സർക്കാർ സംവിധാനങ്ങളെ പറ്റി സ്ത്രീകൾക്ക് ധാരണയും ഇല്ല. സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗം വെറും 49ശതമാനം മാത്രമാണ്. പരിഹാര വഴികളിലേക്കുള്ള ദൂരമാണ് ഇത് സൂചിപ്പിക്കുന്നതും.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു