
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ടിപിആർ കുറയുന്നുണ്ടെങ്കിലും ഒരാഴ്ചകൂടി ലോക്ക്ഡൗൺ തുടരണമെന്ന അഭിപ്രായം ആരോഗ്യമേഖലയിലെ വിഗദ്ധർ ഉന്നയിക്കുന്നുണ്ട്. അതേ സമയം കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. മൊബൈൽ ടെലിവിഷൻ റിപ്പയർ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സർക്കാർ പുതുക്കി നിശ്ചയിച്ച വിലയിലും ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്ന് മെഡിക്കൽ ഉപകരണ നിര്‍മാതാക്കൾ വ്യക്തമാക്കി. വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.
ബാക്ടീരിയയേയും വൈറസിനേയും പുറന്തള്ളുന്ന തരത്തിൽ തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം.
70 ജി എസ് എം മുതൽ 90 ജി എസ് എം വരെ ഉള്ളതാണ് നിലവാരമുളള പിപിഇ കിറ്റ്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരടക്കം ഉപയോഗിക്കുന്നതും ഇതായിരുന്നു. സർക്കാരിന്റെ വില നിയന്ത്രണം വന്നതിൽ പിന്നെ ഈ തരം പിപിഇ കിറ്റ് കിട്ടാനില്ല. വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീര്‍ന്നാൽ ക്ഷാമം പൂര്‍ണമാകും. നിലവാരം കുറഞ്ഞ 30 ജിഎസ്എം പിപിഇ കിറ്റാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ കിട്ടാനുള്ളത്.
പിപിഇ കിറ്റും മാസ്കുകളും നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തേണ്ടത്. ഇവയ്ക്ക് എൺപത് ശതമാനമാണ് വില കൂടിയത്. ഈ സാഹചര്യത്തിൽ പുതുക്കി നിശ്ചയിച്ച വിലയിലും മാസ്കും പിപിഇ കിറ്റും നൽകാനാവില്ലെന്നാണ് ഉപകരണ നിർമ്മാതാക്കൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam