പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു

Published : Jul 12, 2025, 08:30 AM IST
Medical colleges

Synopsis

കൊവിഡ് കാലത്ത് പിഎം കെയർ ഫണ്ട് വഴി മെഡിക്കൽ കോളേജുകളിൽ വാങ്ങിയ ഉപകരണങ്ങൾ നശിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്. നിർമ്മാണ കമ്പനിയുമായി പരിപാലനത്തിന് മെഡിക്കൽ കോളേജുകൾ കരാർ സൂക്ഷിക്കാത്തതും മേൽനോട്ടക്കുറവുമാണ് ഉപകരണങ്ങൾ ജീവനറ്റ് പോകുന്നതിന് പ്രധാന കാരണം.

കോഴിക്കോട് മെഡിക്കൽ കോളേജ് മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം പി എം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 40വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് സമയത്ത് 2020 ജൂലൈ മാസത്തിൽ എത്തിച്ചതാണ്. സ്കാൻ റേ നിർമ്മാണ കമ്പനി, ഭാരത് ഇലക്ട്രോണിക്സാണ് വിതരണക്കാർ. 2023 മുതൽ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് രോഗികൾക്കായി എത്തിച്ചതാണ്. തകരാർ കാരണം നിലവിൽ ഗുരുതര രോഗികൾക്ക് ഈ വെന്റിലേറ്റ‌ർ ഉപയോഗിക്കാൻ ഡോക്ടർമാർക്ക് ആത്മവിശ്വാസമില്ല. മൊബൈൽ എക്സ് റേ യൂണിറ്റ് 2.5 ലക്ഷം രൂപ ചിലവിട്ട് വാങ്ങിയത്. നിർമ്മാണ കമ്പനി തിരിഞ്ഞ് നോക്കാതെ വന്നതോടെ മെഷീന് പാതി ജീവൻ മാത്രം. എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മറുപടി.

ഇവിടത്തെ പോർട്ടബിൾ വെന്റിലേറ്റർ 1,36000 രൂപ മുതൽ മുടക്കി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്ഥാപിച്ചതാണ്. എന്നാൽ ഏപ്രിലിൽ പണി മുടക്കി. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ പരാതി നൽകി കാത്തിരിക്കുയാണ് മെഡിക്കൽ കോളേജ്. ഇവിടെ 2021ൽ പി എം കെയർ ഫണ്ട് ചിലവിട്ട് വാങ്ങിയ അഗ്‌വ കമ്പനിയുടെ പോർട്ടബിൾ വെന്റിലേറ്ററും അതേ വർഷം നിശ്ചലമായിരുന്നു. പി എം കെയർ ഫണ്ട് വഴി സ്ഥാപിച്ച യൂണിറ്റുകൾ പലയിടത്തും പ്രവർത്തിക്കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് തന്നെ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇസോട് മെലൈബ് ക്ലാസ് സി (Esaote mylab classC) സംവിധാനം, വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ അൾട്രാ സൗണ്ട് പരിശോധനയ്ക്കായി 35ലക്ഷം രൂപ മുടക്കി 2012 എത്തിച്ചതാണ്. എന്നാൽ സ്ഥാപിച്ചത് 2018. ഇപ്പോഴിത് പ്രവർത്തിക്കുന്നില്ല. 2015ൽ വാങ്ങിയ മൂന്ന് വെന്റിലേറ്റർ 2023ൽ പ്രവർത്തനരഹിതമായി. 8ലക്ഷത്തിലധികം ചിലവിട്ട് വാങ്ങിയ ഉപകരണം ശരാശരി കാലയളവ് പൂർത്തിയാക്കിയെന്ന് കാരണം പറഞ്ഞ് പരിപാലന കരാർ കമ്പനി സർവീസ് നിഷേധിച്ചെന്നാണ് വിശദീകരണം. വെന്റിലേറ്റർ, മൾട്ടിപാരാമീറ്റർ മോണിറ്റർ തുടങ്ങി 26 ലക്ഷം വിലവരുന്ന 18 ഉപകരണങ്ങൾ ഉപയോഗശൂന്യമാണ്. അഞ്ച് മുതൽ 11 വർഷം വരെയാണ് ഇതിന്റെ കാലപ്പഴക്കം. എന്നാൽ ഉപകരണങ്ങളുടെ നിർമ്മാണ കമ്പനിയുമായുള്ള വാർഷിക മെയിൻ്റനൻസ് കരാറുകൾ മെഡിക്കൽ കോളേജുകൾ എടുക്കാറില്ല. കാലപ്പഴക്കത്തേക്കാൾ പരിപാലനം ഇല്ലാത്തതാണ് ഈ ഉപകരണങ്ങൾ നശിക്കാൻ കാരണം.

കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂറോസംബന്ധമായ പരിശോധനയ്ക്ക് 36ലക്ഷം രൂപ മുതൽമുടക്കി 2018ൽ സ്ഥാപിച്ച ഗേറ്റ് അനാലിസിസ് യൂണിറ്റ് ജനുവരി മുതൽ പ്രവർത്തിക്കുന്നില്ല. ഉപകരണത്തിന്റെ ചാർജ്ജിംഗ് യൂണിറ്റിന്റെ അപാകതയാണ് പ്രശ്നം. കോട്ടയം മെഡിക്കൽ കോളേജിലെ 5 വിഭാഗങ്ങളിലായി 9ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും ഉപയോഗശൂന്യം. ഇതിൽ ജനറൽ സർജറി വിഭാഗത്തിലെ ഒടി ലൈറ്റ് 2024മുതൽ പണിമുടക്കി. പവർ സപ്ലൈ ബോർഡില്ലെന്നതാണ് കാരണം.

കളമശ്ശേരി മെഡിക്കൽ കോളേജിൽ 2018ൽ 3ലക്ഷത്തോളം രൂപ ചിലവിട്ട് വാങ്ങിയ രണ്ട് ടെലസ്കോപ്പുകൾ കണ്ടം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും പ്രവർത്തനം തുടങ്ങാത്ത കോന്നി, ഇടുക്കി, കൊല്ലം, കാസർകോട് സർക്കാർ മെഡിക്കൽ കോളേജുകളിലും ആർക്കും വേണ്ടാതെ നശിക്കുകയാണ് ഉപകരണങ്ങൾ. കോന്നിയിൽ പത്തോളജി വിഭാഗത്തിലെ മാത്രം 7 എണ്ണം. ഇതിൽ അഞ്ച് ഉപകരണത്തിന്റെ മാത്രം നിരക്ക് 44ലക്ഷത്തിലധികം രൂപ. ഇടുക്കിയിൽ 22ലക്ഷം മുടക്കിയുള്ള 43 തരം ഉപകരണങ്ങളും ഭദ്രമായി പെട്ടിയിലാണ്. ടെക്നീഷ്യൻ ഇല്ല സിവിൽ ജോലികൾ തീർന്നിട്ടില്ല എന്നതൊക്കെയാണ് കാരണം. ഓട്ടോമേറ്റഡ് ടിഷ്യു പ്രൊസ്സസറടക്കം എത്തിച്ചെങ്കിലും ഇൻസ്റ്റാൾ പോലും ചെയ്തിട്ടില്ല. 11ലക്ഷത്തിലധികം വില വരുന്ന നേത്ര ചികിത്സ വിഭാഗത്തിലെ വിഭാഗത്തിലെ ഓപറേറ്റിങ് മൈക്രോസ്കോപ്, 3 ലക്ഷം വിലവരുന്ന നവജാത ശിശുക്കൾക്കായുള്ള വെന്റിലേറ്റർ, 1 ലക്ഷത്തിലധികം വിലവരുന്ന വെന്റിലേറ്റർ തന്നെ മറ്റൊരു മോഡൽ 4 എണ്ണം എല്ലാം അലമാരയിൽ ഭദ്രമെന്നാണ് മറുപടി. ഇടുക്കിയിൽ മാത്കം 34 ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങളാണ് ഉപയോഗിക്കാതെ വച്ചിരിക്കുന്നത്.

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയേഷൻ വാർമർ, നിയോനേറ്റൽ മോണിറ്റ‍ർ അടക്കം 2017ൽ വാങ്ങിച്ചതെല്ലാം 4 വർഷത്തിനുള്ളിൽ ഫ്യൂസ് പോയി. വാർഷിക കരാറില്ലാത്തതും സ്പെയർ പാർട്സ് കിട്ടാത്തതും പ്രതിസന്ധിയാണ്. ഇവിടെയും പി എം കെയർ ഫണ്ട് വഴി വാങ്ങിയ 12 വെന്റിലേറ്റേറുകൾ 2022 മുതൽ പ്രവർത്തിക്കുന്നില്ല. നാല് ലക്ഷം വില വരുന്നതാണ് ഓരോ യൂണിറ്റും. ഇത് കൂടാതെ ലബോറട്ടി ഓവൻ, ടിഷ്യു ഫ്ലോട്ടേഷൻ ബാത്ത്, ഇൻക്യുബേറ്റർ, മൈക്രോടോം പി എച്ച് മീറ്റർ തുടങ്ങിയ ചെറുതും വലുതുമായി ഏഴ് ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളും ഉപയോഗശൂന്യമാണ്. കാസർകോട് മെഡിക്കൽ കോളേജിലും വെൻ്റിലേറ്റർ മുതൽ വീൽ ചെയർ വരെ എന്നെങ്കിലും വരുന്ന രോഗികളെ കാത്ത് കിടക്കുന്നുണ്ട്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം