സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്: പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തം

Published : Jul 12, 2025, 07:37 AM IST
Amit Shah

Synopsis

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് അമിത് ഷാ തിരുവനന്തപുരത്തെത്തിയിരിക്കെ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാര്‍‍‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃയോഗം നടക്കുന്നത്.

സംസ്ഥാന ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ സംസ്ഥാന കാര്യാലയത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കുന്നത്. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്‌ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്നാണ് വി മുരളീധരൻ പക്ഷത്തിൻ്റെ പ്രധാന വിമർശനം. പുനഃസംഘടനാ പട്ടികയിൽ  90 ശതമാനവും കൃഷ്ണ‌ദാസ് വിഭാഗമെന്നും മുരളി പക്ഷം കുറ്റപ്പെടുത്തുന്നു.

ഇന്നലെയാണ് ബിജെപിയുടെ പുനസംഘടന കഴിഞ്ഞ് പുതിയ നേതൃനിരയുടെ പ്രഖ്യാപനമുണ്ടായത്. വി മുരളീധര പക്ഷത്തെ തീർത്തും ഒതുക്കിയുള്ളതാണ് പട്ടിക. ബിജെപിയിൽ ജനറൽ സെക്രട്ടറിമാരാണ് പാർട്ടിയെ ചലിപ്പിക്കുന്ന നേതൃ നിര. സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് വരെ പല ഘട്ടത്തിൽ പരിഗണിക്കപ്പെട്ട എംടി രമേശ്, കേരളത്തിലെ പാർട്ടിയുടെ നേതൃനിരയിൽ പ്രധാനിയായ ശോഭാ സുരേന്ദ്രൻ, ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്‍റും രാജീവ് ചന്ദ്രശേഖറിന്‍റെ വിശ്വസ്തനുമായി അഡ്വ എസ്.സുരേഷ്, പാർട്ടിയുടെ യുവ നേതാവും ദേശീയ തലത്തിൽ യുവമോർച്ചയിൽ അടക്കം ശ്രദ്ധേയനായ അനൂപ് ആന്‍റണി ജോസഫുമാണ് നാല് ജനറൽ സെക്രട്ടറിമാർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ അനൂപ് ഫുൾ ടൈമാർ ആകുന്നത്. രാജീവ് ചന്ദ്രശേഖറിന്‍റെ പാർട്ടി നയരൂപീകരണ സംഘത്തിൽ പ്രധാനിയുമാണ് അനൂപ്.

സംസ്ഥാന ഉപാധ്യക്ഷന്മാരുടെ നിരയിലും വലിയ മാറ്റങ്ങളാണ് ഇത്തവണ ഉണ്ടായത്. ഷോണ്‍ ജോർജ്ജ് വളരെ പ്രധാനപ്പെട്ട പദവിയിലേക്ക് എത്തുകയാണ്. രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായ ശേഷം സംസ്ഥാനമെങ്ങുമുള്ള അധ്യക്ഷന്‍റെ ദൗത്യങ്ങളിൽ ഷോണ്‍ ഒപ്പമുണ്ട്. ഇത്തവണത്തെ സർപ്രൈസ് പേര് ആർ.ശ്രീലേഖ ഐപിഎസിൻ്റേതാണ്. ഉപാദ്ധ്യക്ഷയായി നേതൃനിരയിലേക്ക് അവരെത്തി. മുൻ ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആണ് പത്തംഗ ഉപാദ്ധ്യക്ഷ പട്ടികയിലെ വി മുരളീധര പക്ഷത്തെ പ്രധാനി. ചാനൽ ചർച്ചകളിലെ പ്രമുഖനായ ബി ഗോപാലകൃഷ്ണനും ഉപാദ്ധ്യക്ഷനായി. ഡോ.കെ.എസ് രാധാകൃഷ്ണൻ, ഡോ അബ്ദുൾ സലാം എന്നിവരാണ് വൈസ് പ്രസിഡന്‍റ് പട്ടികയിലെ മറ്റ് പ്രമുഖർ. അഡ്വ പി.സുധീർ, ആലപ്പുഴ മുൻ ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ, തൃശൂർ ജില്ലാ അദ്ധ്യക്ഷനായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അഡ്വ കെകെ അനീഷ്കുമാർ, സി സദാനന്ദൻ മാസ്റ്റർ എന്നിവരും ഉപാദ്ധ്യക്ഷരാകും. വി മുരളീധര പക്ഷത്തെ പ്രമുഖനായിരുന്ന വിവി രാജേഷിനെ ഒതുക്കി. സെക്രട്ടറി പട്ടികയിലാണ് വിവി രാജെഷും, എംവി ഗോപകുമാർ അടക്കമുള്ള നേതാക്കളും ഉൾപ്പെട്ടത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'